സിഡ്‌നി: ഡി.ആര്‍.എസ് ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ കഴിവ് പ്രസിദ്ധമാണ്. ഡി.ആര്‍.എസിലുള്ള ധോനിയുടെ വൈദഗ്ധ്യം കണ്ട് ഇതിന് ധോനി റിവ്യു സിസ്റ്റം എന്നുവരെ ആരാധകര്‍ പേരിട്ടിരുന്നു. 

ധോനിയുടെ ഡി.ആര്‍.എസ് കണക്കുകൂട്ടല്‍ തെറ്റിയ ചരിത്രമില്ല. എന്നാലിപ്പോഴിതാ അക്കാര്യത്തില്‍ ഒരു മാറ്റം വന്നിരിക്കുകയാണ്. സിഡ്നിയില്‍ ഓസീസിനെതിരായ ആദ്യ ഏകദിനത്തിലാണ് താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയത്. 

11-ാം ഓവറില്‍ ഷമിയുടെ പന്തില്‍ ഉസ്മാന്‍ ഖ്വാജ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോഴായിരുന്നു സംഭവം. വിക്കറ്റിനായി ഷമി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ഈ സമയം ഡി.ആര്‍.എസ് എടുക്കുന്നതിനെ കുറിച്ച് കോലിയും ഷമിയും ധോനിയോട് ചോദിച്ചു. എന്നാല്‍ അപ്പീല്‍ നല്‍കുന്നതിനോട് ധോനി യോജിച്ചില്ല. എന്നാല്‍ റിപ്ലേകളില്‍ അത് ഔട്ട് ആയിരുന്നു എന്ന് വ്യക്തമായി. 

 

ഒടുവില്‍ 81 പന്തില്‍ 59 റണ്‍സെടുത്ത ശേഷമാണ് ഖ്വാജ പുറത്തായത്. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ ഖ്വാജ-മാര്‍ഷ് സഖ്യം കൂട്ടിച്ചേര്‍ത്തു 92 റണ്‍സ് ഓസീസ് ഇന്നിങ്‌സില്‍ നിര്‍ണായകമാകുകയും ചെയ്തു.

Content Highlights: ms dhoni, drs, virat kohli, india vs australia, Sydney odi