റാഞ്ചി: ക്രീസിലൂടെ റണ്ണിനായി ഓടുന്ന എം.എസ് ധോനിയെ മാത്രമല്ലേ നമുക്ക് കണ്ടുപരിചയമുള്ളൂ. എന്നാൽ ഒരു കുഞ്ഞു കുതിരയ്ക്കൊപ്പം ധോനി ഓടിയാൽ എങ്ങനെയുണ്ടാകും? അങ്ങനെ ഒരു ഓട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.

റാഞ്ചിയിലെ സ്വന്തം ഫാമിൽ പുതുതായി എത്തിയ സുന്ദനരനായ വെള്ളക്കുതിരയ്ക്കൊപ്പമാണ് ധോനി ഓടിയത്. ഷെട്ലാൻഡ് പൊനി എന്ന വിഭാഗത്തിൽ പെടുന്ന കുഞ്ഞൻ കുതിരയാണിത്.

ഭാര്യ സാക്ഷി ധോനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അഞ്ച് ലക്ഷത്തിൽ അധികം ആളുകൾ ആ വീഡിയോ ലൈക്ക് ചെയ്ത് കഴിഞ്ഞു. കുതിരയെ മസാജ് ചെയ്യുന്ന ധോനിയുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്യാപ്റ്റൻ കൂളിന്റെ കരിങ്കോഴി കൃഷി മുതൽ കുതിരകളോടുള്ള കമ്പം വരെ സാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആരാധകർ അറിഞ്ഞത്.

വളർത്തു മൃഗങ്ങളോടും ബൈക്കുകളോടുമുള്ള ധോനിയുടെ പ്രിയം എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു ബെൽജിയം മാലിനോയിസ്, ഒരു വെളുത്ത ഹസ്കി, നാല് ജർമൻ ശഷെപ്പേർഡ് എന്നീ വളർത്തുനായകൾ ധോനിയുടെ ഫാമിൽ നേരത്തെയുണ്ട്.

ഹർമുവിലെ പഴയ വീട്ടിൽ നിന്ന് എട്ടു കിലോമീറ്റർ മാത്രം അകലെയുള്ള കൈലാസപതിയെന്ന ഫാം ഹൗസിലാണ് ധോനിയും കുടുംബവും താമസിക്കുന്നത്. റാഞ്ചി സർക്കുലർ റോഡിൽ എട്ട് ഏക്കറിലാണ് ഈ ഫാം ഹൗസുള്ളത്.

Content Highlights: MS Dhoni follows Zivas pony in wild race horse