റാഞ്ചി: ക്രിക്കറ്റ് പിച്ചില്‍ നിന്ന് കൃഷി സ്ഥലത്തേക്ക് ഇറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോനി തന്റെ ഫാം ഹൗസില്‍ വിളയിച്ച പച്ചക്കറികള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

ധോനിയുടെ ഫാം ഹൗസില്‍ കൃഷി ചെയ്ത പച്ചക്കറികള്‍ ദുബായിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അവസാന ഘട്ടത്തിലെത്തി.

ദുബായിലേക്ക് പച്ചക്കറികള്‍ അയയ്ക്കുന്നതിനുള്ള ഏജന്‍സിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. താരത്തിന്റെ ഫാം ഹൗസിലെ പച്ചക്കറികള്‍ വിദേശത്തേക്ക് അയയ്ക്കാനുള്ള ഉത്തരവാദിത്തം ജാര്‍ഖണ്ഡ് കൃഷി വകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.

ഓള്‍ സീസണ്‍ ഫാം ഫ്രഷ് എന്ന ഏജന്‍സിയാണ് ഈ പച്ചക്കറികള്‍ ദുബായില്‍ വിതരണം ചെയ്യുക. ഇതേ ഏജന്‍സി വഴിയാണ് ജാര്‍ഖണ്ഡ് കൃഷി വകുപ്പ് നേരത്തെ സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയച്ചത്. 

റാഞ്ചി സെംബോ ഗ്രാമത്തിലെ റിങ് റോഡിലാണ് ധോനിയുടെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. 43 ഏക്കര്‍ വരുന്ന ഫാം ഹൗസിലെ 10 ഏക്കറാണ് കൃഷിക്കായി മാറ്റിവെച്ചിരിക്കുന്നത്. സ്‌ട്രോബറി, കാബേജ്, തക്കാളി, ബ്രോക്കോളി, പപ്പായ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ധോനിയുടെ ഫാം ഹൗസില്‍ നിന്നുള്ള കാബേജ്, തക്കാളി എന്നിവയ്ക്ക് റാഞ്ചി മാര്‍ക്കറ്റില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ട്.

Content Highlights: MS Dhoni farm vegetables to be sent to Dubai