റാഞ്ചി:  ഭാര്യ സാക്ഷി സിങ്ങിന്റെ ജന്മദിനം ആഘോഷിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. റാഞ്ചിയിലെ ഫാം ഹൗസിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ സാക്ഷിയുടെ സുഹൃത്ത് പ്രിയാന്‍ഷു ചോപ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

നിരവധി ആരാധകരാണ് സാക്ഷിക്ക് 33-ാം പിറന്നാള്‍ ആശംസ നേര്‍ന്നത്. ധോനിയും സാക്ഷിയും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഐപിഎല്ലിനിടെയാണ് സാക്ഷി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോനിയുടെ സഹതാരമായ സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക റെയ്‌നയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. 

2010-ലാണ് ധോനിയും സാക്ഷിയും വിവാഹിതരായത്. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ചു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും സിവ എന്ന മകള്‍ ജനിച്ചു. ആറു വയസ്സുകാരിയായ സിവ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

Content Highlights: MS Dhoni celebrates wife Sakshi’s birthday at his Ranchi farmhouse