കൊല്‍ക്കത്ത: കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ പകരക്കാരനില്ലാത്ത താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി. എന്നാല്‍ കളത്തിനകത്ത് മാത്രമല്ല ടീം അംഗങ്ങളുടെ അച്ചടക്കം പാലിക്കേണ്ട കാര്യത്തിലും ധോനിക്ക് തന്റേതായ തന്ത്രമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ അംഗമായിരുന്ന പാഡി അപ്ടണ്‍.
കൊല്‍ക്കത്തയില്‍ നടന്ന 'ദ ബെയര്‍ഫൂട്ട് കോച്ച്' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അപ്ടണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അപ്ടണ്‍ ടീമിനൊപ്പം ചേരുന്ന സമയം, അനില്‍ കുംബ്ലെ അന്ന് ടെസ്റ്റ് ക്യാപ്റ്റനും ധോനി ഏകദിന ടീം ക്യാപ്റ്റനുമാണ്. ടീം യോഗങ്ങള്‍ക്കും, പരിശീലനത്തിനും ടീം അംഗങ്ങള്‍ കൃത്യമയത്തു തന്നെ എത്തണമെന്ന് അന്ന് താരങ്ങളോട് പറഞ്ഞു. എല്ലാവരും ശരിയെന്നു പറഞ്ഞു. എന്നാല്‍ ആരെങ്കിലും വൈകിയെത്തിയാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ച വന്നു. ഒടുവിലത് ക്യാപ്റ്റന്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് എല്ലാവരും സമ്മതിച്ചു.
വൈകിയെത്തുന്ന കളിക്കാരന്‍ 10,000 രൂപ പിഴയടയ്ക്കണമെന്നായിരുന്നു ടെസ്റ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുടെ നിര്‍ദേശം.
എന്നാല്‍ ഏകദിന ടീമിന്റെ കാര്യം വന്നപ്പോള്‍ ധോനി എല്ലാവരെയും ഞെട്ടിച്ച ഒരു നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ടീം യോഗങ്ങള്‍ക്കോ പരിശീലനത്തിനോ മറ്റോ ഏതെങ്കിലും കളിക്കാരന്‍ വൈകിയാല്‍ എല്ലാവരും 10,000 രൂപ പിഴയടയ്ക്കണമെന്ന നിര്‍ദേശമാണ് ധോനി മുന്നോട്ടുവെച്ചത്. അതില്‍പിന്നെ ഏകദിന ടീമിലെ ആരും തന്നെ വൈകിയെത്തിയിട്ടില്ലെന്നും അപ്ടണ്‍ പറഞ്ഞു.
Content Highlights: ms dhoni came up with unique punishment to prevent indian players from coming late