ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചശേഷം എം.എസ് ധോനിയെ കെട്ടിപ്പിടിച്ച് കരഞ്ഞൂവെന്ന് സുരേഷ് റെയ്ന. ദേശീയ മാധ്യമമായ ദൈനിക് ജാഗരണ് നൽകിയ അഭിമുഖത്തിൽ റെയ്ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഐ.പി.എല്ലിനായി ചെന്നൈയിലെത്തുമ്പോൾ ധോനി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് വിരമിക്കാൻ തയ്യാറെടുത്തു തന്നെയാണ് ഞാൻ ചെന്നൈയിലെത്തിയത്. വിരമിക്കൽ പ്രഖ്യാപിച്ചതിനുശേഷം ഞാനും ധോനിയും ഏറെനേരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.'അഭിമുഖത്തിൽ റെയ്ന പറയുന്നു.
'ഞാനും പിയൂഷ് ചൗളയും ദീപക് ചാഹറും കരൺ ശർമയും ചാർട്ടേഡ് വിമാനത്തിൽ 14-ാം തീയതിയാണ് റാഞ്ചിയിലെത്തിയത്. അവിടെ നിന്ന് ധോനിയേയും മോനു സിങ്ങിനേയും കൂട്ടി ചെന്നൈയിലെ ടീം ക്യാമ്പിലേക്ക് വരികയായിരുന്നു. ചെന്നൈയിലെത്തുമ്പോൾ ധോനി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനും തയ്യാറെടുത്ത് തന്നെയാണ് വന്നത്. വിരമിക്കൽ പ്രഖ്യാപിച്ചശേഷം ഞങ്ങൾ ഏറെനേരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഞാനും ധോനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഞങ്ങളുടെ കരിയറിനെ കുറിച്ചും ഞാനും പിയൂഷ് ചൗളയും അമ്പാട്ടി റായുഡുവും കേദർ ജാദവും കരൺ ശർമയും ഏറെനേരം കൂടിയിരുന്ന് സംസാരിച്ചു. കരിയറിലെ രസകരമായ നിമിഷങ്ങൾ ഞങ്ങൾ ഓർത്തെടുത്തു. അതു പരസ്പരം പങ്കുവെച്ചു. എല്ലാവരും ഇന്നല്ലെങ്കിൽ നാളെ കളമൊഴിഞ്ഞേ തീരൂ. കുറേനേരം സംസാരിച്ച ശേഷം രാത്രി വൈകുവോളം ഞങ്ങൾ പാർട്ടി നടത്തി ആഘോഷിച്ചു.' റെയ്ന അഭിമുഖത്തിൽ പറയുന്നു.
ഇനി ഐ.പി.എല്ലിലായിരിക്കും പൂർണശ്രദ്ധയെന്നും സമ്മർദ്ദം കൂടാതെ എല്ലാ പന്തും സിക്സർ അടിക്കാൻ ശ്രമിക്കാമല്ലോയെന്നും റെയ്ന ചൂണ്ടിക്കാട്ടി. രണ്ട് സീസൺ കൂടി ഐ.പി.എല്ലിൽ തുടുരാനാകുമെന്നും റെയ്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Content Highlights: MS Dhoni and Suresh Raina after announcing retirement