ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എം.എസ് ധോനി വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. ധോനിയുടെ ഭാര്യ സാക്ഷി ഗര്‍ഭിണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു.

കിരീട വിജയത്തിനു ശേഷം ചെന്നൈ താരങ്ങളുടെ ഭാര്യമാരും കുട്ടികളുമെല്ലാം മൈതാനത്തിറങ്ങിയിരുന്നു. ധോനിയുടെ ഭാര്യ സാക്ഷിയും അഞ്ചു വയസുകാരി മകള്‍ സിവയും താരത്തെ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. 

മൈതാനത്തിറങ്ങിയ സാക്ഷി അയഞ്ഞ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതോടെയാണ് അവര്‍ ഗര്‍ഭിണിയാണെന്ന സംശയം ഉയര്‍ന്നത്. ഒടുവില്‍ സുരേഷ് റെയ്‌നയുടെ ഭാര്യ പ്രിയങ്ക ഈ വിവരം സ്ഥിരീകരിച്ചതായി ക്രിക്ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2010 ജൂലായിലായിരുന്നു ധോനിയും സാക്ഷിയും തമ്മിലുള്ള വിവാഹം. 2015 ഫെബ്രുവരിയിലാണ് ഇരുവര്‍ക്കും സിവ ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് സിവ.

Content Highlights: ms dhoni and sakshi expecting second baby ipl 2021