ര്‍ജന്റീനയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ടിവി ചാനലായ ടി.വൈ.സി സ്‌പോര്‍ട്‌സിലെ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എദുല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ചിത്രം പങ്കുവെച്ചു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആ ചിത്രം ലോകമെമ്പാടും വൈറലായി. തന്റെ പേരിനെ ചൊല്ലിയുള്ള ഒരു 11 വയസുകാരന്റെ ക്ഷമാപണമായിരുന്നു ആ ചിത്രം. കുട്ടി ക്ഷമ ചോദിച്ചത് തന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഇനി ആരോടാണ് ക്ഷമ ചോദിച്ചതെന്നല്ലേ, ലയണല്‍ മെസ്സിയോട്. 

അമ്മ തനിക്ക് ക്രിസ്റ്റിയാനോ എന്ന് പേരിട്ടതിനായിരുന്നു അമ്മയോട് ക്ഷമിക്കണമെന്ന് ഈ കുട്ടി മെസ്സിയോട് ആവശ്യപ്പെട്ടത്. 'മെസ്സീ, എന്റെ അമ്മയോട് ക്ഷമിക്കൂ, എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് അറിയില്ല, അവര്‍ എന്നെ ക്രിസ്റ്റിയാനോ എന്ന് വിളിച്ചു.' - എന്ന് സ്പാനിഷ് ഭാഷയിലെഴുതിയ ബാനറും പിടിച്ച് നില്‍ക്കുന്ന ഈ കുഞ്ഞ് ക്രിസ്റ്റിയാനോയുടെ ചിത്രമാണ് ഗാസ്റ്റണ്‍ എദുല്‍ പങ്കുവെച്ചത്. 

പെറുവിനെതിരായ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനെത്തിയ മെസ്സിയെ കാണാന്‍ അര്‍ജന്റീനയുടെ പരിശീലന മൈതാനത്ത് എത്തിയതായിരുന്നു ഈ 11-കാരന്‍. എന്നാല്‍ തന്റെ ആരാധനാപാത്രത്തെ ഈ കുഞ്ഞ് ആരാധകന് കാണാന്‍ സാധിച്ചില്ല. 

ഈ കുഞ്ഞ് ക്രിസ്റ്റ്യാനോയും ഒരു ഫുട്‌ബോള്‍ താരമാണ്. അര്‍ജന്റീന ക്ലബ്ബ് റേസിങ്ങിന്റെ താരമാണ് പതിനൊന്നുകാരന്‍.

Content Highlights: mother named him Cristiano 11-year old fan apologises to Lionel Messi