ഹൈദരാബാദ്: ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ഏതാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതുതലമുറ മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. 

ടി. നടരാജനും, ശാര്‍ദുല്‍ താക്കൂറിനും കഴിഞ്ഞ ദിവസങ്ങളില്‍ വാഹനം സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ മുഹമ്മദ് സിറാജിനും വാഹനം സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര. 

സിറാജ് ഐ.പി.എല്ലിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബയോ ബബിളില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ചേര്‍ന്നാണ് വാഹനം ഷോറൂമില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സിറാജ് രംഗത്തെത്തി. 

മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ വിപണിയില്‍ അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയില്‍ ചരിത്ര വിജയം സ്വന്തമാക്കുന്നത്. ഈ വിജയ ശില്‍പ്പികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആറ് താരങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്. 

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസില്‍ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, ശാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചത്.

Content Highlights: Mohammed Siraj thanks Anand Mahindra for Mahindra thar