ഹെഡിങ്‌ലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം സംഭവ ബഹുലമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 78 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 120 റണ്‍സ് എടുത്തിട്ടുണ്ട്. ഇതുവരെ ബാറ്റിങ്ങില്‍ താളം കണ്ടെത്താത്ത ഓപ്പണര്‍മാര്‍ അവിശ്വസനീയമായ പ്രകടനമാണ് ഇംഗ്ലണ്ടിന് വേണ്ടി പുറത്തെടുത്തത്. 

മത്സരത്തിനിടെ പല വൈകാരിക രംഗങ്ങളും അരങ്ങേറി. അതിലേറ്റവും മുന്നില്‍ നിന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജുമായി ബന്ധപ്പെട്ടതാണ്. സിറാജിനെ ചൊറിയാന്‍ നിന്ന ഇംഗ്ലീഷ് ആരാധകരും അതിനുള്ള താരത്തിന്റെ മറുപടിയുമെല്ലാം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. 

മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സിറാജിനെ കളിയാക്കിക്കൊണ്ട് ഒരുപറ്റം ഇംഗ്ലീഷ് ആരാധകര്‍ രംഗത്തെത്തി. വിക്കറ്റ് വീഴ്ത്താന്‍ കഴിയാത്തതും 78 റണ്‍സിന് പുറത്തായതുമെല്ലാമാണ് ഇംഗ്ലീഷ് ആരാധകര്‍ വിഷയമാക്കിയത്. 

എന്നാല്‍ ഇത് കേട്ട് തലകുനിച്ചുനില്‍ക്കാന്‍ സിറാജ് ഒരുക്കമല്ലായിരുന്നു. ഞങ്ങള്‍ക്ക് ഒന്ന്, നിങ്ങള്‍ക്ക് പൂജ്യം എന്നത് ആംഗ്യത്തിലൂടെ കാണിച്ച് സിറാജ് ഇംഗ്ലീഷ് ആരാധകരുടെ വായടപ്പിച്ചു. രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല വിജയം നേടിയ ഇന്ത്യ നിലവില്‍ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ഇതാണ് ആംഗ്യഭാഷയിലൂടെ സിറാജ് കാണിച്ചത്. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുളളത്. അതില്‍ ആദ്യ മത്സരം മഴമൂലം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 151 റണ്‍സിന് വിജയിച്ചു. 

Content Highlights: Mohammed Siraj mocks England supporters at Headingley on being asked the score