മെല്‍ബണ്‍: മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് ലഭിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഉമേഷ് യാദവ് മൂന്നാം ദിനത്തില്‍ പരിക്കേറ്റ് പിന്മാറിയത് ഇന്ത്യയെ ബാധിക്കാതിരുന്നത് സിറാജ് മികവിലേക്ക് ഉയര്‍ന്നതുകൊണ്ടാണ്.
ഈ പ്രകടനത്തോടെ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഓസീസ് മണ്ണിലെ അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.
ഇതോടൊപ്പം കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഓസീസ് മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന സന്ദര്‍ശക ബൗളറെന്ന നേട്ടം ശ്രീലങ്കന്‍ താരം ലാസിത് മലിംഗയ്‌ക്കൊപ്പം സ്വന്തമാക്കാനും സിറാജിനായി. 2003-ല്‍ ഡാര്‍വിനിലായിരുന്നു മലിംഗയുടെ ടെസ്റ്റ് അരങ്ങേറ്റം.
ഓസീസിനെതിരേ ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സിറാജ്, രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
50 വര്‍ഷത്തിനിടെ ഓസീസ് മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ചോ അതിലധികമോ വിക്കറ്റ് വീഴ്ത്തിയ സന്ദര്‍ശക ബൗളര്‍മാര്‍
ഫില്‍ ഡെഫ്രെയ്റ്റാസ് | ഇംഗ്ലണ്ട് | 5-94 | 1986-87 |
അലക്‌സ് ടുഡോര്‍ | ഇംഗ്ലണ്ട് | 5-108 | 1998-99 |
ലാസിത് മലിംഗ | ശ്രീലങ്ക | 6-92 | 2003 |
മുഹമ്മദ് സിറാജ് | ഇന്ത്യ) | 5-77 | 2020 |
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് സിറാജ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിച്ചത്. ഓസീസ് പര്യടനത്തിന്റെ തുടക്കത്തില്‍ സിറാജിന്റെ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ബി.സി.സി.ഐ സൗകര്യമൊരുക്കിയിരുന്നെങ്കിലും ടീമിനൊപ്പം തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.
Content Highlights: Mohammed Siraj joins Lasith Malinga in elite list after 5 wickets on debut