അംറോഹ: സ്ലീവ്‌ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണമേറ്റു വാങ്ങേണ്ടി വന്ന മുഹമ്മദ് ഷമിക്ക് പിന്തുണയുമായി അച്ഛന്‍ തൗസീഫ് അഹമ്മദ്. 'മരുമകള്‍ ധരിച്ച വസ്ത്രത്തിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ മകനോടും മരുമകളോടൊപ്പവുമാണ് നില്‍ക്കുക.'' തൗസീഫ് വ്യക്തമാക്കി.

''പൊതുജനത്തിന് മുന്നില്‍ കാണിക്കാന്‍ പറ്റാത്ത ഏതെങ്കിലും ശരീരഭാഗം നിങ്ങള്‍ ആ ഫോട്ടോയില്‍ കണ്ടോ? എന്റെ മരുമകളെ ഉപദേശിക്കുകയല്ലാതെ ആളുകള്‍ക്ക് മറ്റൊരു പണിയുമില്ലേ? ഞാന്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ല. സ്ത്രീകള്‍ സ്ലീവ്‌ലെസ്സ് ഗൗണ്‍ ധരിക്കുന്നതില്‍ ഇസ്ലാമില്‍ ഒരു തടസ്സവുമില്ലെന്നാണ് ഞാന്‍ മറ്റുള്ളവരില്‍ നിന്നും അറിഞ്ഞത്''തൗസീഫ് പറഞ്ഞു.

''സ്ത്രീകള്‍ ഹിജാബ് മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്നത് ഇസ്‌ലാമിക് പണ്ഡിതന്‍മാരുടെ കാഴ്ച്ചപ്പാടാണ്. എന്റെ മരുമകള്‍ എനിക്ക് സ്വന്തം മകളെപ്പോലെയാണ്.  ഈ കാലത്ത് ആരും ബുര്‍ഖയൊന്നും ധരിക്കില്ല. പാകിസ്താന്‍, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, മലേഷ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര നടിമാരും കായിക താരങ്ങളും ബുര്‍ഖ ധരിക്കുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ?'' തൗസീഫ് ചൂണ്ടിക്കാട്ടി. 

ഒരു ക്രിക്കറ്റ് താരത്തിന്റെ സ്റ്റാറ്റസിനും നിലവാരത്തിനും അനുസരിച്ച് ഷമിക്ക് ജീവിക്കേണ്ടി വരുമെന്നും  ഷമിയുടെ കുടുംബജീവിതത്തിലേക്ക് ആരും എത്തി നോക്കേണ്ടെന്നും തൗസീഫ് വ്യക്തമാക്കി. തന്റെ ഭാര്യ അഞ്ജും ആറയും മറ്റൊരു മകനായ അസീബിന്റെ ഭാര്യയും ബുര്‍ഖ ധരിക്കാറില്ലെന്നും ഇക്കാര്യത്തില്‍ എനിക്ക് ഒരു വിയോജിപ്പുമില്ലെന്നും തൗസീഫ് പറഞ്ഞു. 

ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് ബ്രൗണ്‍ സ്ലീവ്‌ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഭാര്യ ഇസ് ലാം മതവിശ്വാസിയാണോയെന്ന് സംശയമുണ്ടെന്നും ശരീരം തുറന്നു കാട്ടുന്ന വസ്ത്രം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ എന്നും പലരും ചിത്രത്തിന് താഴെ പ്രതികരിച്ചു. എന്നാല്‍ ഷമിയെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയതോടെ ഫോട്ടോക്ക് താഴെ ചേരി തിരിഞ്ഞ ആക്രമണമായി. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും ഷമിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. 

ഭാര്യയ്ക്കും മകനും വേണ്ടി എന്തു ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും തനിക്കറിയാമെന്നും നമ്മള്‍ എത്രത്തോളം നന്മ നിറഞ്ഞവരാണ് എന്നറിയാന്‍ മനസ്സിനുള്ളിലേക്കാണ് നോക്കേണ്ടതെന്നും ഷമി സോഷ്യല്‍ മീഡിയയിലെ ആക്രമണത്തിനെതിരെ പ്രതികരിച്ചിരുന്നു.