മാഞ്ചെസ്റ്റല്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനലിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി വിവാദത്തില്‍. സോഫിയ എന്നു പേരുള്ള യുവതിയാണ്‌ ഷമിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഷമി അയച്ച ഇൻസ്റ്റഗ്രാം മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇവര്‍ രംഗത്തുവന്നത്.

1.4 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഷമി തനിക്ക് എന്തിന് മെസ്സേജ് അയക്കണം എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം യുവതി ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം ആരെങ്കിലും പറഞ്ഞുതരണമെന്നും യുവതി പറയുന്നു.

ഈ സ്‌ക്രീന്‍ ഷോട്ട് വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഷമിക്ക് പിന്തുണയുമായെത്തി. ലോകകപ്പ് നടക്കുന്ന സമയത്ത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് സോഫിയയുടേതെന്ന് ആരാധകര്‍ പറയുന്നു. ഗുഡ് ആഫ്റ്റര്‍നൂണ്‍ എന്നല്ലേ മെസ്സേജ് അയച്ചതെന്നും അതില്‍ ഇത്ര പ്രശ്‌നമെന്താണെന്നും ചില ആരാധകര്‍ ചോദിക്കുന്നു. 

ലോകകപ്പിനിടെ ഷമിക്കെതിരേ കടുത്ത ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ താരം ടിക് ടോക്കില്‍ പിന്തുടരുന്നത് ഭൂരിഭാഗവും പെണ്‍കുട്ടികളെയാണെന്നും ഒരു മകളുള്ള കാര്യം മറക്കുകയാണെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഷമിയെ നാണം കെട്ടവന്‍ എന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹസിന്‍ വിശേഷിപ്പിക്കുന്നുണ്ട്. ഷമിയുടെ ടിക് ടോക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും ഹസിന്‍ ജഹാന്റെ എഫ്ബി പോസ്റ്റിനൊപ്പമുണ്ടായിരുന്നു. 

Read More: 'ഷമി നാണം കെട്ടവന്‍, ഒരു മകളുള്ള കാര്യം പോലും മറന്നുപോകുന്നു'-ആരോപണവുമായി ഭാര്യ

Content Highlights: Mohammed Shami lands into another controversy, woman reacts to his message