സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകളുമായി തിളങ്ങിയതിനു പിന്നാലെ റെക്കോഡ് നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി.

വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായിരിക്കുകയാണ് ഷമി. 55-ാം ടെസ്റ്റിലാണ് ഷമിയുടെ ഈ നേട്ടം. 1983-ല്‍ 50 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, 2001-ല്‍ 54-ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഇക്കാര്യത്തില്‍ ഷമിക്ക് മുന്നിലുള്ളത്. 

ഇതില്‍ ശ്രീനാഥിന്റെ നേട്ടവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. 

ടെസ്റ്റ് കരിയറില്‍ ഷമിയുടെ ആറാമത്തെ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ഇത്. 

വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ താരങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് ഷമി. തന്റെ 37-ാം ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ആര്‍. അശ്വിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും ഷമിയാണ്.

Content Highlights: mohammed shami became third-fastest indian fast bowler to pick up 200 test wickets