പരപ്പനങ്ങാടി: ബധിര ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലിടം നേടിയ പി.ആര്‍. മുഹമ്മദ് സുഹൈലിനെത്തേടി ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍ പദവി. ഇന്ത്യന്‍ ബധിര ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രീമിയര്‍ ലീഗില്‍ സുഹൈലിന് കീഴിലാകും സണ്‍റൈസേഴ്‌സ് ക്രീസിലെത്തുക.

പരപ്പനങ്ങാടി പുത്തരിക്കലിലെ സുഹൈല്‍ 2019-ല്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ബധിര ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ഓള്‍റൗണ്ടറായി മികച്ചപ്രകടനം നടത്തി. മൂന്നുവിക്കറ്റും കിട്ടി. തുടര്‍ന്ന് ദുബായില്‍നടക്കുന്ന ബധിര ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി. ലോകകപ്പ് ഈവര്‍ഷം അവസാനം നടന്നേക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് സുഹൈല്‍.

കേരള ബധിര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന സുഹൈല്‍ അണ്ടര്‍-19 വിഭാഗത്തില്‍ കോഴിക്കോടിനായും അണ്ടര്‍ 19, 20 വിഭാഗങ്ങളില്‍ മലപ്പുറത്തിനായും കളിച്ചു. കാലിക്കറ്റ് സര്‍വകലാശാല ടീം അംഗമായിരുന്നു. ഓള്‍റൗണ്ടറാണെങ്കിലും ബോളിങ് ആണ് പ്രധാനം. ഇടംകൈ ബൗളറാണ്.

രഞ്ജി ട്രോഫി ക്രിക്കറ്റ് സെലക്ഷനില്‍ പങ്കെടുത്തിട്ടുണ്ട്. പരപ്പനങ്ങാടിയിലെ മൈതാനങ്ങളില്‍ കളിച്ചുവളര്‍ന്ന സുഹൈല്‍, ബധിര വിഭാഗത്തിലല്ല ആദ്യം കളിച്ചത്. കേരള താരങ്ങളായ സച്ചിന്‍ ബേബി, കെ.എം. ആസിഫ് എന്നിവര്‍ക്കൊപ്പം വിവിധ ക്ലബ്ബുകളില്‍ കളിച്ചു. പിന്നീട് ബധിര ക്രിക്കറ്റിലേക്ക് മാറി. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്നു.

''ഐ.പി.എലില്‍ ഏതെങ്കിലും ടീമിനായി കളിക്കണം. ബധിര ഐ.പി.എല്‍. ക്രിക്കറ്റിലൂടെ അതിനു സാധിക്കുമെന്നാണ് പ്രതീക്ഷ''- സുഹൈല്‍ പറഞ്ഞു.

Content Highlights: Mohammad Suhail captains Hyderabad in deaf cricket