ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്ക് കിരീടം സമ്മാനിച്ച പ്രകടനത്തിലൂടെ ഡേവിഡ് വാര്‍ണര്‍ ട്വന്റി 20 ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പ്രകടനങ്ങളുടെ പേരില്‍ വാര്‍ണറെ ക്രിക്കറ്റ് ലോകം പുകഴ്ത്തുമ്പോള്‍ താരത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരിഹസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

അടുത്തിടെ സമാപിച്ച ഐപിഎല്‍ 14-ാം സീസണില്‍ മോശം ഫോമിന്റെ പേരില്‍ ക്യാപ്റ്റന്‍ കൂടിയായ വാര്‍ണറെ സണ്‍റൈസേഴ്‌സ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ വാര്‍ണറാകട്ടെ ടീമിന്റെ മത്സരങ്ങള്‍ ഗാലറിയിലിരുന്ന് കണ്ട് ടീമിനെ അവരുടെ പതാക വീശി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വാർണറെ മാറ്റിയിട്ടും സണ്‍റൈസേഴ്സിന് ഐപിഎല്ലില്‍ യാതൊരു തരത്തിലുമുള്ള മുന്നേറ്റവും സാധിച്ചില്ല.

ഇതിനു പിന്നാലെ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ വാര്‍ണര്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 289 റണ്‍സുമായി ഓസ്‌ട്രേലിയയുടെ കന്നി കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ 38 പന്തില്‍ നിന്ന് 53 റണ്‍സുമായി തിളങ്ങാനും വാര്‍ണര്‍ക്കായി.

ഇതിനു പിന്നാലെയായിരുന്നു സണ്‍റൈസേഴ്‌സിനിട്ടുള്ള കൈഫിന്റെ കൊട്ട്. 'ജീവിതത്തിലെന്ന പോലെ സ്‌പോര്‍ട്‌സിലും നമ്മള്‍ ഒരിക്കലും വിട്ടുകൊടുക്കരുത്. ആഴ്ചകള്‍ക്കുള്ളിലാണ് ഒരു ഐപിഎല്‍ ടീമിന് വേണ്ടാത്ത അവസ്ഥയില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ 2021 ട്വന്റി 20 ലോകകപ്പിന്റെ താരമായത്. ചില സമയത്ത് സൂര്യന്‍ അല്‍പം വൈകിയാകും ഉദിക്കുക.' - കൈഫ് ട്വിറ്ററില്‍ കുറിച്ചു.

ജീവിതത്തിലെന്നപോലെ സ്പോർട്സിലും  ഒരിക്കലും വിട്ടുകൊടുക്കരുത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ഡേവിഡ് വാര്‍ണര്‍ തന്റെ ഐപിഎല്‍ ടീമിന് പര്യാപ്തമല്ല എന്നതിന്റെ പേരിൽ പുറത്തുപോകേണ്ടിവന്നയാൾ പിന്നീട് 2021 ടി20 ലോകകപ്പിന്റെ കളിക്കാരനായി. ചിലപ്പോള്‍ അല്‍പ്പം വൈകിയാണ് സൂര്യോദയം.

Content Highlights: mohammad kaif take a dig at sunrisers hyderabad lauded david warner