മുംബൈ: 2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ പലകാര്യങ്ങള്‍ കൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതാണ്. സൗരവ് ഗാംഗുലിയുടെ ലോര്‍ഡ്‌സ് ബാല്‍ക്കണിയിലെ ജേഴ്‌സിയൂരിയുള്ള ആഘോഷവും സച്ചിന്‍, ദ്രാവിഡ് തുടങ്ങിയവര്‍ പരാജയപ്പെട്ടപ്പോഴും രണ്ട് യുവതാരങ്ങള്‍ (യുവ്‌രാജ് സിങ്ങും മുഹമ്മദ് കൈഫും) ഇന്ത്യയെ 300-ന് അപ്പുറമുള്ള ഒരു സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ പ്രാപ്തരാക്കിയതുമെല്ലാം അതില്‍ ഉള്‍പ്പെടും.

ഇപ്പോഴിതാ 2002-ലെ പ്രസിദ്ധമായ വിജയത്തിനു ശേഷം സ്വന്തം നാടായ അലഹബാദില്‍ മടങ്ങിയെത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് കൈഫ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ഒരു ലേഖനത്തിലാണ് താരം അന്നത്തെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. 

Mohammad Kaif recalls celebrations in hometown after 2002 Natwest Series heroics
സൗരവ് ഗാംഗുലി നാറ്റ്‌വെസ്റ്റ് ട്രോഫിയുമായി

''അലഹബാദിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴത്തെ ആഘോഷങ്ങള്‍ എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഞാനൊരു ലജ്ജാലുവായിരുന്നു. പക്ഷേ ആളുകള്‍ എന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. എന്റെ മമ്മിയാകട്ടെ ഓരോ സമയവും എല്ലാവര്‍ക്കും ചായയും സ്‌നാക്ക്‌സും നല്‍കുകയായിരുന്നു.'' - കൈഫ് ഓര്‍ക്കുന്നു.

മാധ്യമങ്ങളുടെ സമീപനവും വ്യത്യസ്തമായിരുന്നുവെന്നും കൈഫ് കുറിച്ചു. ''അന്ന് ഞാന്‍ എവിടെ പോയാലും മാധ്യമങ്ങള്‍ പിന്നാലെയെത്തും. യമുനയുടെ തീരത്ത് പട്ടം പറത്തുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞാന്‍ പട്ടം പറത്താന്‍ പോയപ്പോള്‍ മാധ്യമങ്ങള്‍ അവിടെയുമെത്തി. അത് വാര്‍ത്തയായി. ചെറുപ്പം മുതല്‍ അവിടെപ്പോയി പട്ടം പറത്തുന്ന ആളാണ് ഞാനെന്ന് ഓര്‍ക്കണം.'' - കൈഫ് പറഞ്ഞു.

''മറ്റൊരു പ്രത്യേക ചിത്രം കൂടി ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അലഹാബാദിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഒരു തുറന്ന ജീപ്പില്‍ എന്നെ കയറ്റി. അന്ന് ആറോ ഏഴോ കിലോമീറ്റര്‍ ദൂരമുള്ള വീട്ടിലേക്കെത്താനെടുത്തത് മൂന്നോ നാലോ മണിക്കൂറാണ്. റോഡിനിരുവശത്തും ആളുകള്‍ നിരന്നിരുന്നു. മാലകളും  ജയ് വിളികളും സന്തോഷമുള്ള മുഖങ്ങളുമെല്ലാം ചേര്‍ന്ന് വ്യത്യസ്തമായൊരു അനുഭവം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ശേഷം ഈ നഗരത്തിലൂടെ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ഇത്തരത്തില്‍ തുറന്ന ജീപ്പില്‍ യാത്ര ചെയ്തത് കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആ ദിവസം ഞാനും അമിതാഭ് ബച്ചനാണെന്ന് തോന്നിപ്പോയി.'' - കൈഫ് കൂട്ടിച്ചേര്‍ത്തു.

നാറ്റ്‌വെസ്റ്റ് ട്രോഫിയിലെ ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ചുവെന്നും കൈഫ് പറഞ്ഞു. വലിയ സ്‌കോറുകള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ നമ്മള്‍ക്കാകുമെന്ന് ആ വിജയം കാണിച്ചുതന്നു. വലിയ ഫൈനലുകള്‍ നേടാനാകുമെന്നും ആ വിജയം തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇന്ത്യയുടെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ വിജയം പിറന്നത് 18 വര്‍ഷം മുമ്പ് ഇതേ ദിവസമായിരുന്നു. 2002 ജൂലായ് 13-ന് ലോര്‍ഡ്സിലായിരുന്നു ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍. 

ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്കും നാസര്‍ ഹുസൈനും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സെഞ്ചുറി നേടിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 185 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 100 പന്തുകള്‍ നേരിട്ട ട്രെസ്‌ക്കോത്തിക്ക് രണ്ടു സിക്സും ഏഴു ഫോറുമടക്കം 109 റണ്‍സെടുത്തു. 128 പന്തുകളില്‍ നിന്ന് 10 ഫോറുകളോട് ഹുസൈന്‍ 115 റണ്‍സും സ്വന്തമാക്കി. 50 ഓവര്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലെത്തിയത് 325 റണ്‍സായിരുന്നു.

326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് നല്‍കിയത്. 14.3 ഓവറില്‍ ഇരുവരും 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 43 പന്തില്‍ 60 റണ്‍സെടുത്ത ഗാംഗുലി പുറത്തായതോടെ മത്സരത്തിലെ ഇന്ത്യയുടെ പിടിവിട്ടു. സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ 45 റണ്‍സോടെ സെവാഗും മടങ്ങി. ദിനേശ് മോംഗിയ (9), സച്ചിന്‍ (14), ദ്രാവിഡ് (5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ അഞ്ചിന് 146 എന്ന മോശം നിലയിലായി.

Mohammad Kaif recalls celebrations in hometown after 2002 Natwest Series heroics

അവിടെ നിന്നും യുവതാരങ്ങളായിരുന്ന യുവ്‌രാജ് സിങ്ങും മുഹമ്മദ് കൈഫും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. 24-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം ആറാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 63 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത യുവി പുറത്തായ ശേഷവും കൈഫ് പോരാട്ടം തുടര്‍ന്നു. അങ്ങനെ 50-ാം ഓവറിലെ മൂന്നാം പന്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം കുറിച്ചു. 75 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 87 റണ്‍സോടെ പുറത്താകാതെ നിന്ന കൈഫായിരുന്നു അന്ന് കളിയിലെ താരം.

Content Highlights: Mohammad Kaif recalls celebrations in hometown after 2002 Natwest Series heroics