കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനായി മാഞ്ചസ്റ്ററിലേക്ക് വിമാനം കയറിയ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിറിന് വികാരനിർഭരമായ യാത്രയയപ്പ് കുറിപ്പുമായി ഭാര്യ നർജീസ് ആമിർ. മക്കളായ സോയയ്ക്കും മിൻസയ്ക്കുമൊപ്പമുള്ള ആമിറിന്റെ ചിത്രം പങ്കുവെച്ചാണ് നർജീസ് ആമിറിന് ശുഭയാത്ര നേർന്നത്.

'ആമിർ, നിനക്ക് സുരക്ഷിതമായ യാത്ര നേരുന്നു. നിന്റെ കൂടെ ദൈവം എന്നുമുണ്ടാകും. എല്ലാ ആപത്തുകളിൽ നിന്നും ദൈവം നിന്നെ രക്ഷിക്കും. മിൻസയും സോയയും ഞാനും നിന്നെ ഒരുപാട് 'മിസ്' ചെയ്യും. നിനക്ക് വേണ്ടി ഞങ്ങളുടെ പ്രാർഥന എന്നുമുണ്ടാകും.' ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നർജീസ് പറയുന്നു.

ജൂലൈ 16-നാണ് ആമിറിനും നർജീസിനും രണ്ടാമത്തെ പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് സോയ എന്ന് പേരിട്ടതായും ആമിർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പാക് താരം ഇംഗ്ലണ്ടിലേക്ക് വിമാനം കയറി. ആമിറിന്റെ രണ്ട് കോവിഡ് ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഇംഗ്ലണ്ടിലേക്കുള്ള ആമിറിന്റെ യാത്ര വൈകിയത്. പാക് താരങ്ങളെല്ലാം കഴിഞ്ഞമാസം തന്നെ ഇംഗ്ലണ്ട് പര്യടനത്തിനായി മാഞ്ചസ്റ്ററിലേക്ക് പോയിരുന്നു. ക്വാറന്റീനിന് ശേഷം ഇംഗ്ലണ്ടിൽ പരിശീലനത്തിലാണ് പാക് സംഘം. നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര തുടങ്ങും.

 

Content Highlights: Mohammad Amirs Wife Pens Emotional Note, England Series