ലണ്ടന്‍: 30 മത്സരം ജയിക്കുക, 97 പോയന്റ് നേടുക, ഒരു മത്സരം മാത്രം തോല്‍ക്കുക. പ്രീമിയര്‍ ലീഗില്‍ ഈ മൂന്ന് നേട്ടങ്ങളും കൈവരിച്ചിട്ടും കിരീടം നേടാത്ത ആദ്യത്തെ ടീമാണ് ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ വോള്‍വ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഈ സീസണ് വിരാമമിട്ടത്. എന്നാല്‍ മറുവശത്ത് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചതോടെ ലിവര്‍പൂളിന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നു.
എങ്കിലും ഈ നിരാശയ്ക്കിടയിലും താരങ്ങള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സല നേടി. 38 മത്സരങ്ങളില്‍ 22 ഗോളുകളാണ് ഈജിപ്ഷ്യന്‍ താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. അച്ഛന് ഇത്രയും ഗോള്‍ അടിക്കുമ്പോള്‍ മകള്‍ എങ്ങനെ വെറുതെയിരിക്കും? ആന്‍ഫീല്‍ഡിലെ മത്സരത്തിന് ശേഷം സലയുടെ മകള്‍ മക്കയും ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി, ഗോള്‍ അടിച്ച് കാണികളെ ആനന്ദിപ്പിക്കുകയും ചെയ്തു.
ഗോള്‍ഡന്‍ ബൂട്ടും വാങ്ങി തിരിച്ചുപോകുന്നതിനിടയിലാണ് മകള്‍ ഗ്രൗണ്ടില്‍ കളിക്കുന്നത് സല ശ്രദ്ധിച്ചത്. ഒരു അച്ഛന്റെ കൗതുകത്തോടെ അതെല്ലാം സല നോക്കിനിന്നു. പന്തുമായി ഗ്രൗണ്ടിലൂടെ ഓടി ബോക്സിനുള്ളില്‍ കയറി ഗോളടിച്ചായിരുന്നു കുഞ്ഞു മക്കയുടെ കുസൃതി. അമ്മ അടുത്തുവന്നപ്പോഴും അവള് പന്തുമായി ദൂരേക്ക് ഓടി. വീണ്ടും പന്ത് വലയിലെത്തിച്ചു. കുഞ്ഞു മക്കയുടെ ഓരോ ഗോളും കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

This is great to watch. Beautiful scenes. Mo Salah's daughter. ❤️👏🏻
— World Cup (@FlFAWC2018) 12 May 2019
pic.twitter.com/BNr8MHTKZR
Content Highlights: Mohamed Salah's daughter cheers up Liverpool crowd after Manchester City pip them to title