ലണ്ടന്‍:  ഫുട്‌ബോളിനിടെ വാക്കുതര്‍ക്കവും വഴക്കും പതിവാണ്. എതിരാളികളെ പരിക്കേല്‍പ്പിക്കുന്നതിനും കുറവൊന്നുമില്ല. എന്നാല്‍ മത്സരത്തിനിടെ കളിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടാലോ?  കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ഹഡേഴ്‌സ്ഫീല്‍ഡും തമ്മിലുള്ള മത്സരത്തിനിടെ അതും സംഭവിച്ചു. ലിവര്‍പൂളിന്റെ ഗ്രൗണ്ടായ ആന്റഫീല്‍ഡിലായിരുന്നു മത്സരം.

മത്സരത്തിനിടെ ഒരു ഷോട്ടിന് ശ്രമിച്ചതാണ് ലിവര്‍പൂള്‍ താരം  മുഹമ്മദ് സല. എന്നാല്‍ ആ പന്തുകൊണ്ട് ഒരു പ്രാവിന്റെ ജീവന്‍ നഷ്ടപ്പെട്ടു. ഗ്രൗണ്ടില്‍ ജീവനില്ലാതെ കിടക്കുന്ന പ്രാവിന്റെ ചിത്രം ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ആ പ്രാവിനെ ലിവര്‍പൂള്‍ താരം ഡാനിയല്‍ സ്റ്ററിഡ്ജ് നോക്കുന്നതാണ് ചിത്രത്തിലുള്ളത്. 

എന്നാല്‍ അതിന് സലയുടെ ഷോട്ടിനിടെ പന്തുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. മത്സരത്തില്‍ സല ഇരട്ടഗോള്‍ നേടി. ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഹഡേഴ്‌സ്ഫീല്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തു.

 

Content Highlights: Mohamed Salah killed a pigeon with his shot ?