മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ 358 റണ്‍സ് നേടിയിട്ടും തോല്‍ക്കേണ്ടി വന്നതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍. കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയപ്പോള്‍ എതിരാളികളെ നിസാരരായി കണ്ടതാണ് ടീമിന് തിരിച്ചടിയായത്.

ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ നിരുത്തരവാദിത്തപരമായ സമീപനവും വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മയുമാണ് തോല്‍വിക്ക് കാരണമായത്. തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഉസ്മാന്‍ ഖ്വാജയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്നതോടെ ഓസീസ് മത്സരത്തിലേക്ക് മടങ്ങിയെത്തി. ഇരുവരെയും പിന്നീട് വമ്പനടിക്കാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പുറത്താക്കാനായെങ്കിലും ആഷ്ടണ്‍ ടര്‍ണറിലൂടെ ഓസീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഫീല്‍ഡില്‍ കാഴ്ചക്കാരനായി നില്‍ക്കേണ്ടി വന്നു.

ഈ സമയമെല്ലാം മൊഹാലിയിലെ കാണികള്‍ ഒരാളുടെ പേര് ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ. മത്സരം കൈവിട്ടുപോകുന്ന ഘട്ടത്തില്‍ ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു വിരാട് കോലിയോട് കാണികള്‍ ധോനിയെ വിളിക്കൂ (വിരാട് ഭായ്, ധോനി കോ ബുലാവോ) എന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

വിക്കറ്റിനു പിന്നില്‍ പലപ്പോഴും ഋഷഭ് പന്ത് തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കാണികള്‍ ധോനി ധോനി എന്ന് ആര്‍ത്തുവിളിക്കുകയായിരുന്നു. മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത ആഷ്ടണ്‍ ടര്‍ണറിനെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങളാണ് പന്ത് കളഞ്ഞുകുളിച്ചത്. 44-ാം ഓവറിലായിരുന്നു പന്തിന് ലഭിച്ച സുവര്‍ണാവസരം. 38 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ടര്‍ണര്‍. ചാഹലിന്റെ വൈഡായി വന്ന പന്ത് കളിക്കാന്‍ ടര്‍ണര്‍ ക്രീസ് വിട്ടിറങ്ങി. എന്നാല്‍ ലെഗ് സൈഡില്‍ ബീറ്റ് ചെയ്ത് വന്ന പന്ത് കൈയിലൊതുക്കാന്‍ പന്തിനായില്ല. ടീം ഒന്നടങ്കവും കാണികളും തലയില്‍ കൈവെച്ചുപോയ നിമിഷമായിരുന്നു അത്.

സ്പിന്നര്‍മാരായ കുല്‍ദീപിന്റെയും ചാഹലിന്റെയും പ്രകടനവും മോശമായതില്‍ ധോനിയുടെ അഭാവമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൗള്‍ ചെയ്യുമ്പോള്‍ ഇരുവര്‍ക്കും ധോനി നല്‍കുന്ന നിര്‍ദേശങ്ങളും ഫീല്‍ഡ് മാറ്റങ്ങളും ഇവരുടെ പ്രകടനത്തില്‍ നിര്‍ണായമാണ്. ചാഹല്‍ ഇന്നലെ 10 ഓവറില്‍ വഴങ്ങിയത് 80 റണ്‍സാണ്. കുല്‍ദീപ് 64 റണ്‍സും.

ഇന്ത്യ കളി കൈവിടുന്ന ഘട്ടത്തില്‍ ഗാലറിയില്‍ നിന്ന് വീണ്ടും ഉയര്‍ന്നത് ആ പേരായിരുന്നു, ധോനി... ധോനി...

Content Highlights: mohali crowd tells virat kohli to call up ms dhoni after rishabh pant errors