കോപ്പ അമേരിക്ക ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങിയെങ്കിലും അതൊന്നും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം.മണിയെ ബാധിക്കുന്നില്ല. അര്‍ജന്റീനയുടെ വലിയ ആരാധകനാണ് മണിയാശാന്‍. 

ഇതുമായി ബന്ധപ്പെട്ട് മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മണി ഒരു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ചുരുങ്ങിയ നിമിഷം കൊണ്ട് പോസ്റ്റ് വൈറലായി. 

'ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും,വിമര്‍ശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ...അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ചെഗുവേരയുടെ അര്‍ജന്റീന,മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍...Vomos Argentina' മണി ഫേസ്ബുക്കില്‍ എഴുതി.

രസകരമായ പല കമന്റുകളും പോസ്റ്റിനടിയില്‍ പ്രത്യക്ഷപ്പെട്ടു. അക്കൂട്ടത്തില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്റെ കമന്റും വൈറലായി. ബ്രസീലിന്റെ ആരാധകനായ കടകംപള്ളി സുരേന്ദ്രന്‍ ഇത്തവണ കപ്പ് ബ്രസീല്‍ ഉയര്‍ത്തുമെന്ന് പറഞ്ഞു. 'ആശാനേ.. ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്.. മഞ്ഞപ്പട..'' എന്നാണ് കടകംപള്ളി കമന്റായി രേഖപ്പെടുത്തിയത്. 

മണിയുടെ പോസ്റ്റ് വൈറലായതോടെ പോസ്റ്റിനുകീഴില്‍ ബ്രസീല്‍-അര്‍ജന്റീന ആരാധകരെക്കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു. അതില്‍ ട്രോളുകളും രസകരമായ കമന്റുകളുമെല്ലാം കാണാം.

Content Highlights: MM Mani facebook post, Argentina fan, Copa America 2021