സിഡ്‌നി: ലോകക്രിക്കറ്റില്‍ തന്നെ അപൂര്‍ നേട്ടങ്ങള്‍ക്കുടമകളാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും ദമ്പതികളുമായ മിച്ചല്‍ സ്റ്റാര്‍ക്കും അലിസ്സ ഹീലിയും. പുരുഷ ടീം അംഗമായ സ്റ്റാര്‍ക്കും വനിതാ ടീം അംഗമായ ഹീലിയും സ്വന്തം രാജ്യത്തിനായ ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതികളെന്ന നേട്ടം സ്വന്തമാക്കിയവരാണ്.

ഹീലിയുടെ മത്സരങ്ങള്‍ക്ക് സ്റ്റാര്‍ക്കും സ്റ്റാര്‍ക്കിന്റെ മത്സരങ്ങള്‍ക്ക് ഹീലിയും ഗാലറിയിലെത്തുന്നതും പതിവാണ്. ഇത്തരത്തില്‍ ഞായറാഴ്ച വനിതാ ബിഗ് ബാഷ് ലീഗില്‍ 48 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഹീലിയുടെ പ്രകടനത്തിന് കൈയടിക്കാന്‍ ഭര്‍ത്താവ് സ്റ്റാര്‍ക്ക് ഗാലറിയില്‍ ഉണ്ടായിരുന്നു. 

നോര്‍ത്ത് സിഡ്‌നി ഓവലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരായ മത്സരത്തിലായിരുന്നു സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായ ഹീലിയുടെ സെഞ്ചുറി പ്രകടനം. 52 പന്തുകള്‍ നേരിട്ട ഹീലി 15 ഫോറും ആറു സിക്‌സുമടക്കം 111 റണ്‍സെടുത്തു. ഹീലിയുടെ മികവില്‍ മത്സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയം സ്വന്തമാക്കാനും സിഡ്‌നി സിക്‌സേഴ്‌സിനായി.

നേരത്തെ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഇന്ത്യ  - ഓസ്‌ട്രേലിയ വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനല്‍ കാണാന്‍ സ്റ്റാര്‍ക്ക് എത്തിയതും വാര്‍ത്തയായിരുന്നു. ഹീലിയുടെ മത്സരം കാണാന്‍ പതിനായിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു സ്റ്റാര്‍ക്ക് അന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത്. മത്സരത്തില്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഹീലി മത്സരത്തിലാകെ 39 പന്തില്‍ 75 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2015-ലാണ് മിച്ചല്‍ സ്റ്റാര്‍ക്കും ഹീലിയും വിവാഹിതരാകുന്നതായി അറിയിച്ചത്. 2016 ഏപ്രിലില്‍ വിവാഹിതരാകുകയും ചെയ്തു. ഒമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

Content Highlights: Mitchell Starc Applauds As Wife Alyssa Healy Smashes 48 Ball Century