ക്രിക്കറ്റില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉദ്വേഗം മാത്രമല്ല, ചിരിപ്പിച്ചു കൊല്ലുന്ന ചില നിമിഷങ്ങളുമുണ്ട്. അത്തരമൊരു രസകരമായ നിമിഷം പങ്കുവയ്ക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

യൂറോപ്പ്യന്‍ ക്രിക്കറ്റ് പരമ്പരയില്‍ വാര്‍മഡോ സി.സിയും സ്‌റ്റോക്ക്‌ഹോം സൂപ്പര്‍കിങ്‌സും തമ്മിലുള്ള മത്സരത്തില്‍ നിന്നുള്ളതാണ് വീഡിയോ. ഒരു ക്യാച്ചെടുക്കാനും റണ്ണൗട്ടാക്കാനുമുള്ള വാര്‍മഡോ താരങ്ങളുടെ ശ്രമമാണ് ചിരി പടര്‍ത്തുന്നത്. ഒരൊറ്റ പന്തില്‍, ഒരൊറ്റ ഷോട്ടില്‍ മൂന്ന് തവണ ബാറ്റ്‌സ്മാനെ പുറത്താക്കാനുള്ള അവസരമാണ് അവര്‍ മിസ്ഫീല്‍ഡിങ്ങും പിഴച്ച ത്രോകളും കൊണ്ട് പാഴാക്കിയത്. ഒടുക്കില്‍ സ്‌റ്റോക്ക്‌ഹോമിന് ആ ഒരൊറ്റ പന്തില്‍ നിന്ന് ബൗണ്ടറിയടിക്കാതെ തന്നെ നാല് പന്ത് ദാനം കിട്ടുകയും ചെയ്തു. ഇതാണ് ശരിയായ ക്രിക്കറ്റ് എന്നു പറഞ്ഞുകൊണ്ടാണ് വോണ്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതോടെ മറ്റ് മത്സരങ്ങളിലെ രസകരമായ നിമിഷങ്ങളുടെ പെരുമഴയായി അതിന്റെ താഴെ. പലരും തങ്ങളുടെ അനുഭവങ്ങളുമായി രംഗത്ത്‌വന്നു.