ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ഒസാസൂനയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ബാഴ്‌സ താരം ലയണല്‍ മെസ്സി.

അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്‌സി ഉള്ളില്‍ ധരിച്ചായിരുന്നു മെസ്സി കളിക്കിറങ്ങിയത്. 73-ാം മിനിറ്റില്‍ ഗോളടിച്ച ശേഷം മെസ്സി തന്റെ ബാഴ്‌സ ജേഴ്‌സി അഴിച്ച് മാറ്റി മാറഡോണയുടെ വിഖ്യാതമായ 10-ാം നമ്പര്‍ ജേഴ്‌സി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൈകള്‍ മുകളിലേക്കുയര്‍ത്തി ഇതിഹാസ താരത്തിന് ആദരമര്‍പ്പിക്കുകയും ചെയ്തു.

മാറഡോണയുടെ മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്‌സയുടെയും ആദ്യ മത്സരമായിരുന്നു ഇത്. 73-ാം മിനിറ്റില്‍ രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് ബോക്‌സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ട് മെസ്സി വലയിലെത്തിക്കുകയായിരുന്നു.

ഒസാസൂനയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്. 29-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ്, 42-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍, 57-ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞ്യോ, 73-ാം മിനിറ്റില്‍ മെസ്സി എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്താണ്.

Content Highlights: Messi honours Maradona with Newell Old Boys shirt