സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ സംബന്ധിച്ചിടത്തോളം ചാമ്പ്യന്‍സ് ലീഗില്‍ ആര്‍.ബി. ലെയ്പ്‌സിഗുമായുള്ള മത്സരം ഏറെ പ്രിയപ്പെട്ടതായിരുന്നു. നെയ്മറുടെ അഭാവത്തില്‍ പി.എസ്.ജിയുടെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത മെസ്സി ഇരട്ടഗോളുകള്‍ നേടി ടീമിന് വിജയം സമ്മാനിച്ചു. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. 

ലെയ്പ്‌സിഗിനെതിരായ മത്സരത്തിന് തൊട്ടുമുന്‍പ് ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന രംഗത്തിന് പാരീസ് സാക്ഷിയായി. പി.എസ്.ജി ടീം പരിശീലനം നടത്തുന്നതിനിടെ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ മെസ്സിയെ കാണാനായി ഗ്രൗണ്ടിലെത്തി. മെസ്സിയുടെ ഇഷ്ടതാരമായ റൊണാള്‍ഡീന്യോയെ കണ്ടതോടെ സൂപ്പര്‍ താരം പരിശീലനം നിര്‍ത്തിവെച്ചു. ഓടിച്ചെന്ന് റൊണാള്‍ഡീന്യോയെ കെട്ടിപ്പിടിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. 

ഇരുവരുടെയും ഈ കൂടിക്കാഴ്ചയും സൗഹൃദവുമെല്ലാം ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്നു. ബാഴ്‌സലോണയിലൂടെ മെസ്സി ക്ലബ്ബ് ഫുട്‌ബോളില്‍ അരങ്ങേറുമ്പോള്‍ റൊണാള്‍ഡീന്യോ ആയിരുന്നു ടീമിന്റെ കുന്തമുന. റൊണാള്‍ഡീന്യോയുടെ കീഴില്‍ കളിച്ച മെസ്സി പിന്നീട് അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ 10-ാം നമ്പര്‍ സ്വന്തം പേരിലാക്കി. മൂന്നര വര്‍ഷമാണ് ഇരുവരും ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചത്. 

പി.എസ്.ജിയ്ക്ക് വേണ്ടിയും കളിച്ചിട്ടുള്ള റൊണാള്‍ഡീന്യോ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പാരീസിലെത്തിയത്. മത്സരം വീക്ഷിച്ച അദ്ദേഹം മെസ്സിയുമായി ഏറെ സമയം ചെലവഴിച്ച ശേഷമാണ് സ്റ്റേഡിയം വിട്ടത്. 

Content Highlights: Messi and Ronaldinho Emotional reunion in Paris