Mehak Fathima viral girl cricketerവടകര: ആറുവയസ്സുകാരി മെഹക് ഫാത്തിമ വീട്ടില്‍ നില്‍ക്കെ മൂന്നുവയസ്സുള്ള ഇളയമകന്‍ മുഹമ്മദിനാണ് പിതാവ് മുനീര്‍ ക്രിക്കറ്റ് ബാറ്റ് വാങ്ങിക്കൊടുത്തത്. ഉപ്പ കുഞ്ഞനുജന് പന്തെറിഞ്ഞുകൊടുക്കുന്നതുകണ്ട് മെഹക് ചോദിച്ചു. ''ഞാന്‍ പെണ്‍കുട്ടിയായതുകൊണ്ടാണോ ക്രിക്കറ്റ് കളിപ്പിക്കാത്തത്...''

സ്ട്രെയിറ്റ് ഡ്രൈവ് പോലുള്ള ആ ചോദ്യംകേട്ട് മുനീര്‍ മെഹകിനെയും കളി പഠിപ്പിച്ചു. പാഡും ഹെല്‍മെറ്റും ഗ്ലൗസും ധരിച്ച് മെഹക് പായിച്ച ക്രിക്കറ്റ് ഷോട്ടുകള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലാവുകയാണ്. മെഹകിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പരിശീലന വീഡിയോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജെമീമ റോഡ്രിഗ്രസും ഹര്‍മന്‍പ്രീത് കൗറും വനിതാ ക്രിക്കറ്റ് ഫീല്‍ഡിങ് കോച്ചായിരുന്ന ബിജു ജോര്‍ജുമെല്ലാം ഈ വീഡിയോ പങ്കുവെച്ചു. ബിജു ജോര്‍ജ് മുനീറിനെ വിളിച്ചുപറഞ്ഞു. ''കഴിവുള്ള കുട്ടിയാണ്... പരിശീലനം തുടരണം...''

വടകര തോടന്നൂരിലെ ദാറുസ്സലാമില്‍ മുനീറിന്റെയും ഖദീജയുടെയും മകളാണ് മെഹക് ഫാത്തിമ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രണ്ട് വീഡിയോകളാണ് വൈറലാകുന്നത്. ആറു വയസ്സുമാത്രമുള്ള മെഹക് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് എട്ടുമാസമേ ആയിട്ടുള്ളൂവെന്ന് മുനീര്‍ പറഞ്ഞു. മുനീറും ക്രിക്കറ്റ് താരമായിരുന്നു. അണ്ടര്‍ 14 ജില്ലാ ടീമില്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മകനെ ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ മുനീര്‍ തീരുമാനിച്ചിരുന്നു. ആ വഴിയിലേക്ക് മെഹക് കൂടി വന്നതോടെ ഇരട്ടിസന്തോഷത്തിലാണ് മുനീറും ഖദീജയും. വടകര കാപ്സ് അക്കാദമിയിലെ ജെറീഷ് മുഹമ്മദിന്റെ കീഴില്‍ മെഹക് പരിശീലനം തുടങ്ങിയെങ്കിലും കോവിഡ് വ്യാപിച്ചതോടെ നിര്‍ത്തി. ഇപ്പോള്‍ വീട്ടില്‍ത്തന്നെയാണ് പരിശീലനം.

തോടന്നൂര്‍ എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായ മെഹക് ഇനി രണ്ടാം ക്ലാസിലേക്കാണ്. സ്മൃതി മന്ദാനയാണ് മെഹകിന്റെ ഇഷ്ടതാരം.

Content Highlights: Mehak Fathima viral girl cricketer