മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കി എഞ്ചിനീയറും. മെക്കാനിക്കാല്‍ എഞ്ചിനീയറായ ഉപേന്ദ്ര നാഥ് ബ്രഹ്മചാരിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യവുമായി ബി.സി.സി.ഐക്ക് അപേക്ഷ നല്‍കിയത്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരനായ ഉപേന്ദ്ര ബി.സി.സി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ മെയില്‍ ഐഡിയിലേക്കാണ് അപേക്ഷ അയച്ചത്. ധിക്കാരിയായ കോലിയെ നേര്‍വഴിയിലേക്ക് കൊണ്ടു വരികയെന്നതാണ് തന്റെ അപേക്ഷക്ക് പിന്നിലുള്ള ലക്ഷ്യമെന്ന് ഉപേന്ദ്ര പറയുന്നു.
വ്യാകരണ തെറ്റുകള്‍ നിറഞ്ഞ ഉപേന്ദ്രയുടെ ബയോഡാറ്റ തുടങ്ങുന്നത് ഇങ്ങനെയാണ് '' ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ വിരമിച്ചതോടെ ആ സ്ഥാനത്തേക്ക് അപേക്ഷ അയക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരു ഇതിഹാസ താരത്തെയൊന്നും പരിശീലകനായി വേണ്ട. പകരം എന്നപ്പോലൊരു എഞ്ചിനീയര്‍ തന്നെ ധാരാളം. ഇനി ഏതെങ്കിലും മുന്‍ ക്രിക്കറ്റ് താരത്തെ ഉപദേശക സമിതി പരിശീലനകനായി തെരഞ്ഞെടുത്താല്‍ അയാള്‍ക്കും കുംബ്ലെയുടെ അവസ്ഥ തന്നെയാണുണ്ടാകുക. കോലിയുടെ പരിഹാസം സഹിക്കാനാകാതെ അയാള്‍ക്കും രാജിവെച്ച് പുറത്തുപോകേണ്ടി വരും''
താന്‍ എന്തിനാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നത് എന്നതിനെക്കുറിച്ചും തന്നെ എന്തിനു തെരഞ്ഞെടുക്കണം എന്നതിനെ കുറിച്ചും ഉപേന്ദ്ര അപേക്ഷയില്‍ കൃത്യമായി പറയുന്നുണ്ട്. '' ധിക്കാരിയും അഹങ്കാരിയുമായ ഒരാളോടൊപ്പം എനിക്ക് യോജിച്ചു പോകാനാകും. അതേ സമയം ഒരു ഇതിഹാസ താരത്തിന് അതിനു കഴിയില്ല. ഞാന്‍ കോലിയെ നന്നാക്കിയെടുത്ത്, ശരിയായ വഴിയിലെത്തിച്ച ശേഷം ബി.സി.സി.ഐയ്ക്ക് ഒരു ഇതിഹാസ താരത്തെ തന്നെ പരിശീലകനായി നിയമിക്കാം''
ജൂലായ ഒമ്പത് വരെ പരിശീലകനാകാനുള്ള അപേക്ഷ അയക്കാം. മുന്‍ താരം രവി ശാസ്ത്രി കഴിഞ്ഞ ദിവസമാണ് അപേക്ഷ സമര്‍പ്പിച്ചത്. വീരേന്ദര്‍ സെവാഗും ടോം മൂഡിയും അടക്കമുള്ളവരെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടക്കമുള്ള ഉപദേശക സമിതിയാണ് ഇന്ത്യന്‍ ടീം പരിശീലകനെ തെരഞ്ഞെടുക്കുക. ശ്രീലങ്കക്കെതിരായ പരമ്പര തുടങ്ങുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും.