വെല്ലിങ്ണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു. ഷാ വെറും 16 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അഗര്‍വാള്‍ ഒരറ്റത്ത് ആദ്യ സെഷന്‍ മുഴുവന്‍ പിടിച്ചുനിന്നു. ഇതോടെ ഒരു അപൂര്‍വ റെക്കോഡും ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കി.

ന്യൂസീലന്‍ഡില്‍ ഒരു ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പുറത്താകാത്ത രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് മായങ്കിന് സ്വന്തമായത്.

1990-ല്‍ നേപ്പിയറില്‍ കിവീസിനെതിരേ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ സെഷനില്‍ പുറത്താകാതെ നിന്ന മനോജ് പ്രഭാകറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ താരം. 30 വര്‍ഷങ്ങള്‍ക്കിടെ മറ്റൊരു ഇന്ത്യന്‍ ഓപ്പണര്‍ക്കും കിവീസ് മണ്ണില്‍ ടെസ്റ്റില്‍ ആദ്യ സെഷന്‍ അതിജീവിക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് സമനിലയായ മത്സരത്തില്‍ 268 പന്തുകള്‍ നേരിട്ട പ്രഭാകര്‍ 95 റണ്‍സെടുത്തു. 

വെല്ലിങ്ടണില്‍ 34 റണ്‍സെടുത്ത മായങ്കിനെ രണ്ടാം സെഷനില്‍ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കുകയായിരുന്നു.

Content Highlights: Mayank Agarwal replicates 30-year-old record for India