ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ ശിവ് ഥാപ്പയ്ക്കും മനോജ് കുമാറിനുമെതിരെ നടത്തിയ പ്രസ്താവനകള്‍ നിഷേധിച്ച് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം.

ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ പേരിലാണ് മേരി കോം പുലിവാല്‍ പിടിച്ചത്. ശിവ ഥാപ്പയുടെ കാലം കഴിഞ്ഞെന്നും മനോജ് കുമാറിന് പ്രായക്കൂടുതലായെന്നും മേരി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരുവരെയും 2020ലെ ടോക്യോ ഒളിമ്പിക്സിനുവേണ്ടിയുള്ള 'ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം' പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും മേരി അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ഇതിനെതിരെ കളിക്കാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. 'ഞാന്‍ നിങ്ങളെയും നിങ്ങളുടെ പോരാട്ടത്തെയും ബഹുമാനിക്കുന്നു. പക്ഷേ, നിങ്ങള്‍ തിരിച്ച് ഞങ്ങളുടെ പോരാട്ടത്തെയും മാനിക്കണം. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്താണ് ഞാന്‍ റിയോയിലേയ്ക്ക് യോഗ്യത നേടിയത്. നിങ്ങളുടെ വാക്ക് എന്നെ മുറിവേല്‍പിച്ചിരിക്കുകയാണ്. എങ്കിലും ഞാന്‍ ഇപ്പോഴും നിങ്ങളെ ബഹുമാനിക്കുന്നു'-അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തോടെ മനോജ് കുമാര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍, മനോജ് കുമാറിന്റെ ഈ വൈകാരിക ട്വീറ്റിനുശേഷമാണ് മേരി കോം നിഷേധക്കുറിപ്പുമായി രംഗത്തുവന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ അച്ചടിച്ചു വന്നതെന്ന് മേരി ട്വീറ്റില്‍ പറഞ്ഞു.

പ്രായക്കൂടുതല്‍ എന്നൊരു വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടുതന്നെയില്ല. ഇത് കെട്ടിച്ചമച്ച ഒരു വാര്‍ത്തയാണ്. ശിവ ഥാപ്പയുടെ കാലം കഴിഞ്ഞെന്നോ ഒളിമ്പിക് പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങളുടെ വേദന മനസ്സിലാവുന്ന ആളാണ് ഞാന്‍-മേരി ട്വിറ്ററില്‍ കുറിച്ചു.

ടാര്‍ജെറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ നിരീക്ഷകരില്‍ ഒരാളാണ് മേരി കോം. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അഖില്‍ കുമാറാണ് രണ്ടാമത്തെ നിരീക്ഷകന്‍.