സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ വിരിഞ്ഞൊരു പ്രണയാഭ്യര്‍ഥന ലോകം മുഴുവന്‍ സ്‌ക്രീനിലൂടെ കണ്ടിരുന്നു.ഇന്ത്യയുടെ ആരാധകനായ ഒരു യുവാവ് ഓസ്‌ട്രേലിയന്‍ ആരാധികയോട് ഗാലറിയില്‍ വെച്ച് പ്രണയാഭ്യര്‍ഥന നടത്തുകയും യുവതി അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഇതുകണ്ട് കൈയ്യടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്ന ചോദ്യം ലോകം മുഴുവന്‍ പരക്കുകയായിരുന്നു.

കാമുകനായ ആ യുവാവ് ബെംഗളൂരു സ്വദേശിയായ ദീപന്‍ മണ്ഡാലിയയാണ്. യുവതി ഓസ്‌ട്രേലിയക്കാരിയായ റോസ് വിംബുഷ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഗാലറിയില്‍ വെച്ച് കോടിക്കണക്കിന് ആരാധകരുടെ മുന്‍പിന്‍ വെച്ച് ദീപന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്.

നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയയില്‍ ഡാറ്റാ അലലിസ്റ്റായി എത്തിയതാണ് ദീപന്‍. ആദ്യം സിഡ്‌നിയില്‍ ജീവിച്ച ദീപന്‍ പിന്നീട് മെല്‍ബണിലേക്ക് ചേക്കേറി. അവിടെവെച്ചാണ് റോസിനെ കാണുന്നതും ഇരുവരും അടുക്കുന്നതും. റോസ് മുന്‍പ് താമസിച്ച വീട്ടിലാണ് ദീപന്‍ താമസമാക്കിയത്. റോസിന്റെ പേരില്‍ നിരവധി കത്തുകള്‍ വരാന്‍ തുടങ്ങിയതോടെ ആളെ കണ്ടുപിടിക്കാന്‍ ദീപന്‍ ഒരു ശ്രമം നടത്തി. അതില്‍ നിന്നുമാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകനായ ദീപനെയും ഓസ്‌ട്രേലിയയുടെ ആരാധികയായ റോസിനെയും ഒന്നിപ്പിച്ചത് ക്രിക്കറ്റ് തന്നെയായിരുന്നു. റോസ് ആരോഗ്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 

റോസ് അറിയാതെയാണ് ദീപന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ക്രിക്കറ്റ് സ്റ്റേഡിയം അധികൃതരോട് അനുവാദം വാങ്ങിയാണ് ദീപന്‍ റോസിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്. എല്ലാ ക്യാമറകളും ഈ രംഗം ഒപ്പിയെടുക്കുകയും ചെയ്തു.

Content Highlights: Marriage proposal in between the ODI match of India vs Australia