ലിസ്ബൺ: പി.എസ്.ജിയെ തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് തങ്ങളുടെ ആറാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ആരാധകർ നന്ദി പറയുന്നത് ക്യാപ്റ്റൻ മാനുവൽ നൂയറുടെ കാലുകളോടാണ്. ബയേൺ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ഫൈനലിൽ പി.എസ്.ജിയുടെ ഗോളെന്നുറച്ച രണ്ട് അവസരങ്ങളിലാണ് നൂയറുടെ കാലുകൾ വിലങ്ങുതടിയായത്.

ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മറുടെയും എംബാപ്പെയുടെയും കണ്ണീരിന് കാരണമായതും നൂയറുടെ കാലുകൾ തന്നെ.

17-ാം മിനിറ്റിലെ ബയേണിന്റെ നെഞ്ചിടിപ്പുയർത്തിയ നെയ്മറുടെ മുന്നേറ്റം. ബയേൺ പ്രതിരോധത്തെ വെട്ടിച്ച് പന്തുമായി ബോക്സിലേക്ക് കയറിയ നെയ്മറുടെ ഷോട്ട് തന്റെ ഇടംകാൽ ഉപയോഗിച്ചാണ് നൂയർ തടുത്തത്. റീബൗണ്ട് ചെയ്ത് വന്ന പന്തിലെ നെയ്മറുടെ ഷോട്ടും നൂയർ കാലുകൊണ്ടു തന്നെ തടുത്തിട്ടു.

ആദ്യ പകുതിയുടെ അധികസമയത്താണ് നൂയറുടെ രണ്ടാമത്തെ സേവ് വന്നത്. മികച്ച മുന്നേറ്റത്തിനൊടുവിൽ എംബാപ്പെയുടെ ഷോട്ട് നൂയർ കൈപ്പിടിയിലാക്കുകയായിരുന്നു. പിന്നാലെ 71-ാം മിനിറ്റിൽ മാർക്വിന്യോസിന്റെ ഗോളെന്നുറച്ച ഷോട്ടും നൂയർ വലതുകാൽ കൊണ്ട് രക്ഷപ്പെടുത്തി. മാത്രമല്ല എംബാപ്പെയുടെ ഒരു ഓഫ്സൈഡ് അവസരം പോലും ഗോളാകാതെ നൂയർ തന്റെ കാലുകൊണ്ട് തടഞ്ഞു.

ഇത്തരത്തിൽ പി.എസ്.ജിയുടെ ഉറച്ച മൂന്ന് ഗോളവസരങ്ങളാണ് നൂയർ തടഞ്ഞിട്ടത്. ഇതോടെ രണ്ടാം തവണയും ബയേണിന്റെ ട്രെബിൾ നേട്ടത്തിൽ പങ്കാളിയാകാൻ നൂയറിനായി. ഈ നൂറ്റാണ്ടിൽ ലോകകപ്പ് ഫൈനലിലും ചാമ്പ്യൻസ് ലീഗ് ഫൈനലിലും ക്ലീറ്റ് ഷീറ്റെന്ന നേട്ടവും നൂയർ സ്വന്തമാക്കി.

Content Highlights: Manuel Neuer masterclass against PSG in UEFA Champions League final