റിയോ ഒളിമ്പിക്‌സില്‍ തന്നെ വെള്ളിയിലൊതുക്കിയ കരോലിന മരിനോട് ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിലൂടെ മധുരപ്രതികാരം തീര്‍ത്ത  പി.വി സിന്ധുവിന് നടി മഞ്ജു വാര്യരുടെ അഭിനന്ദനം. ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.

കരോലിനയെ കീഴടക്കിയതിലൂടെ സിന്ധു പ്രഖ്യാപിച്ചത് പരാജയത്തിനൊടുവില്‍ വിജയം ഒളിച്ചിരിപ്പുണ്ടെന്നാണെന്നും തോല്‍വികള്‍ യഥാര്‍ത്ഥ പോരാളികളെ ഉണര്‍ത്തുകയേയുള്ളുവെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിന്ധുവിന്റെ നേട്ടത്തിന് ഒളിമ്പിക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.

മഞ്ജുവിന്റെ പോസ്റ്റ്

ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ പി.വി.സിന്ധുവിന് അഭിനന്ദനം. ഒളിമ്പിക്‌സ് ഫൈനലില്‍ തോല്‍പ്പിച്ച കരോലിനയെ കീഴടക്കിയതിലൂടെ സിന്ധു പ്രഖ്യാപിച്ചത് പരാജയത്തിനൊടുവില്‍ ജയം ഒളിച്ചിരിപ്പുണ്ടെന്ന് തന്നെയാണ്. തോല്‍വികള്‍ യഥാര്‍ഥ പോരാളിയെ ഉണര്‍ത്തുകയേയുള്ളൂ. സിന്ധു അത് വീണ്ടും തെളിയിച്ചിരിക്കുന്നു. ഈ നേട്ടത്തിന് അതുകൊണ്ടുതന്നെ ഒളിമ്പിക്‌സ് സ്വര്‍ണത്തേക്കാള്‍ തിളക്കവുമുണ്ട്...