പിച്ചില്‍ മാത്രമല്ല, ഡ്രസ്സിങ് റൂമിലും ഇന്ത്യന്‍ ടീമിന് ഇത് ആഘോഷക്കാലമാണ്. തുടര്‍ച്ചയായ ജയങ്ങള്‍ കൊണ്ട് ആഘോഷം പൊടിപൊടിക്കുകയാണ് ടീം ഇന്ത്യ.

വിജയങ്ങള്‍ മാത്രമല്ല, മനീഷ് പാണ്‌ഡെയുടെ പിറന്നാള്‍ ആഘോഷവും ശരിക്കും കൊണ്ടാടിയിരിക്കുകയാണ് ടീം. സെപ്റ്റംബര്‍ പത്തിന് നടന്ന ആഘോഷത്തിന്റെ വീഡിയോ ബി.സി.സി.ഐ. തന്നെ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പുറത്തെത്തേണ്ട താമസം വന്‍ ഹിറ്റാവുകയും ചെയ്തു ഈ വീഡിയോ.

ബാത്ത് ടവ്വല്‍ മാത്രമുടുത്ത മനീഷ് പാണ്‌ഡെയെ പിറകിലൂടെ ചുറ്റിപ്പിടിക്കുന്നത് മുന്‍ നായകന്‍ എം.എസ്. ധോനിയാണ്. സഹതാരങ്ങള്‍ നിര്‍ബന്ധിച്ച് കേക്ക് തീറ്റിക്കുക മാത്രമല്ല, പേസ്ട്രിയില്‍ കുളിപ്പിക്കുക തന്നെ ചെയ്തിരിക്കുകയാണ് പാണ്‌ഡെയെ.

അക്‌സര്‍ പട്ടേല്‍, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍ തുടങ്ങിയ യുവ താരങ്ങള്‍ മാത്രമല്ല, ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടുമുണ്ട് പാണ്‌ഡെയെ പേസ്ട്രിയില്‍ കുളിപ്പിക്കുന്ന കൂട്ടത്തില്‍. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പാണ്‌ഡെയെ പിടിച്ചുവച്ചാണ് ഈ കസര്‍ത്ത് മുഴുവന്‍.

ആഘോഷത്തിന്റെ വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മുന്നിട്ടുനില്‍ക്കുകയാണ് ഇന്ത്യ. ടീം സ്പിരിറ്റ് തന്നെയാണ് ഇന്ത്യയുടെ ഈ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അതു തെളിയിക്കുന്നതാണ് ഈ വീഡിയോ. ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങള്‍ക്ക് വന്‍ പ്രാധാന്യം ലഭിക്കുന്നതും അതുകൊണ്ടാണ്.

manish pandey