കോഴിക്കോട്: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍.

ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 20-ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഉണ്ണി മുകുന്ദന് പാരയായത്. കുട്ടികള്‍ക്കൊപ്പം താരം ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു വീഡിയോ. ഇതിനു നല്‍കിയ അടിക്കുറിപ്പില്‍ വീഡിയോയിലെ മഞ്ഞക്കുപ്പായമിട്ട ഒരു കുട്ടി നെയ്മറെ പോലെ ചെയ്‌തെന്ന് ഉണ്ണി പറഞ്ഞിരുന്നു. 

2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റുവാങ്ങിയിരുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണിയുടെ അടിക്കുറിപ്പ്. ഇതോടെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിഞ്ഞു.

കേട്ടാലറയ്ക്കുന്ന തെറിവിളികളും മറ്റുമാണ് വീഡിയോയ്ക്ക് താഴെയുള്ളത്. ഇതോടെയാണ് താരം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

Content Highlights: malayalam cine actor unni mukundan cyber attack