ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് തിങ്കളാഴ്ച ജൊഹാനസ്ബര്‍ഗില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഏതാനും റെക്കോഡുകള്‍.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള കോലിക്ക് ജൊഹാനസ്ബര്‍ഗില്‍ ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കാം.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ഏഴ് റണ്‍സ് കൂടി നേടാനായാല്‍ ഈ വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാകും.

316 റണ്‍സുമായി ന്യൂസീലന്‍ഡ് താരം ജോണ്‍ റീഡാണ് ഈ പട്ടികയില്‍ മുന്നില്‍. കോലി 310 റണ്‍സുമായി രണ്ടാമതുണ്ട്. വെറും രണ്ടു മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും കോലി വാണ്ടറേഴ്‌സില്‍ നേടിയിട്ടുണ്ട്.

ഇതോടൊപ്പം രണ്ടു ക്യാച്ചുകള്‍ കൂടി നേടിയാല്‍ ടെസ്റ്റില്‍ 100 ക്യാച്ചുകള്‍ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാക്കാനാകും. നിലവിലെ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ് (209), വിവിഎസ് ലക്ഷ്മണ്‍ (135), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (115), സുനില്‍ ഗാവസ്‌ക്കര്‍ (108), മുഹമ്മദ് അസ്ഹറുദ്ദീന്‍ (105) എന്നിവരാണ് ഈ പട്ടികയില്‍ കോലിക്ക് മുന്നിലുള്ളത്. 

Content Highlights: major milestone waiting for virat kohli in wanderers stadium johannesburg