2004 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായി ഒരു നീളന്‍ ചെമ്പന്‍ മുടിക്കാരന്‍ അരങ്ങേറ്റം കുറിച്ചു. അന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞ മഹേന്ദ്ര സിങ് ധോനിയെന്ന പേരിന് ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകര്‍ പോലും അത്രകണ്ട് ശ്രദ്ധ കൊടുത്തിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി താരം മടങ്ങുകയും ചെയ്തു. ആ പരമ്പരയിലെ പിന്നീടുള്ള മത്സരങ്ങളിലും ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള ഒരു പ്രകടനം ആ റാഞ്ചിക്കാരനില്‍ നിന്നുണ്ടായില്ല. ക്രിക്കറ്റിന് അത്രയൊന്നും വേരോട്ടമില്ലാത്ത ജാര്‍ഖണ്ഡില്‍ നിന്നുള്ള ആ താരം അധികകാലമൊന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പോലും വിലയിരുത്തി. 

എന്നാല്‍ ആ റാഞ്ചിക്കാരന് മറ്റ് പ്ലാനുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത് പാകിസ്താനെതിരേ നടന്ന പരമ്പരയില്‍ ധോനി എന്ന കരുത്തുറ്റ ബാറ്റ്സ്മാന്റെ പിറവി നമ്മള്‍ കണ്ടു. ആദ്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പിഞ്ച് ഹിറ്ററായി അയാള്‍ വളര്‍ന്നു. അപ്പോഴും വിക്കറ്റ് കീപ്പിങ്ങിലെ പിഴവുകള്‍ പലരും ചൂണ്ടിക്കാട്ടി. പക്ഷേ അതെല്ലാം അയാളുടെ ബാറ്റിങ് കരുത്തിനു മുന്നില്‍ നിഷ്പ്രഭമായി. 2007-ല്‍ വെസ്റ്റില്‍ഡീസ് ലോകകപ്പില്‍ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, സെവാഗ് എന്നീ വമ്പന്‍ പേരുകളുമായെത്തിയ ടീം ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ടു മടങ്ങി. ആ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പില്‍ അതിനാല്‍ തന്നെ സച്ചിനും ഗാംഗുലിയും ദ്രാവിഡുമില്ലാത്ത യുവനിരയെ അയക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. തീര്‍ത്തും പുതുമുഖങ്ങള്‍ നിറഞ്ഞ ആ ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത് ഇതേ റാഞ്ചിക്കാരന്. അതൊരു നിമിത്തമായിരുന്നു. പ്രതീക്ഷയുടെ ഇത്തിരിവെട്ടം പോലുമില്ലാതെ ദക്ഷിണാഫ്രിക്കയിലേക്കു പറന്ന ടീം കപ്പുമായി വരുന്നത് കണ്ട് ആരാധകര്‍ക്ക് പോലും വിശ്വാസമായില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പിഞ്ച് ഹിറ്ററില്‍ നിന്ന് ആ ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്  ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയായിരുന്നു. 

ഭയമില്ലാതെ പൊരുതാന്‍ ദാദ എന്ന ക്യാപ്റ്റന്‍ ഇന്ത്യയെ പഠിപ്പിച്ചപ്പോള്‍ വിജയം പൊരുതി നേടാന്‍ ധോനിയിലെ ക്യാപ്റ്റന്‍ ഇന്ത്യയെ പ്രാപ്തരാക്കി. അവിടെ നിന്ന് ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോനിയെന്ന താരം വളര്‍ന്നു. പ്രായം തളര്‍ത്താത്ത ആ പോരാളി ഒടുവിലിതാ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നു.

mahendra singh dhoni the man with the golden arm

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ താരങ്ങള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കാണ് ധോനി ഉയര്‍ന്നുവന്നത്. അയാളുടെ കഴിവിനുള്ള അംഗീകാരം തന്നെയായിരുന്നു അതിന് കാരണം. ആദം ഗില്‍ക്രിസ്റ്റിനെ പോലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനു വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണമാണ് ധോനിയില്‍ ചെന്നു നിന്നത്. പില്‍ക്കാലത്ത് അതെല്ലാം പിന്നിട്ട് ധോനിയെന്ന താരവും ക്യാപ്റ്റനും വളര്‍ന്നു. 2007-ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച ധോനി 2011 ഏകദിന ലോകകപ്പും സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ അത്ര മികച്ച ഫോമിലൊന്നും അല്ലാതിരുന്ന ധോനി പക്ഷേ ഫൈനലില്‍ സ്വയം പ്രൊമോട്ട് ചെയ്ത് നാലാം നമ്പറിലിറങ്ങിയപ്പോള്‍ കടുത്ത ആരാധകര്‍ പോലും നെറ്റിചുളിച്ചിരുന്നു. എന്നാല്‍ ഫൈനലിലെ അയാളുടെ ഇന്നിങ്സും വിജയറണ്‍ കുറിച്ച ആ സിക്സും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലാണ് ഇടംപിടിച്ചത്. പിന്നാലെ 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയതോടെ ഐ.സി.സിയുടെ മൂന്ന് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും ധോനിക്ക് സ്വന്തം.

2007-ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെ നടന്ന പാകിസ്താനെതിരായ ഏകദിന പരമ്പരയില്‍ ധോനി ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. 3-2 ന്റെ വിജയവുമായാണ് ഇന്ത്യ മടങ്ങിയത്. അതൊരു തുടക്കമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലമുറ മാറ്റത്തിന്റെ തുടക്കം. പിന്നാലെ 2008-ല്‍ ഓസീസിനെതിരായ സി.ബി സീരീസ് വിജയവും ധോനിയിലെ നായകന്റെ മികവിന് തെളിവായി. 2010-ലെ ഏഷ്യാ കപ്പും ധോനി ഇന്ത്യയിലെത്തിച്ചു. 2009-ല്‍ ന്യൂസീലന്‍ഡ് മണ്ണില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര നേടിയതും ധോനിക്ക് കീഴിലായിരുന്നു. ആദ്യമായി ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നതും ധോനിയുടെ കീഴില്‍ തന്നെ. തുടര്‍ച്ചയായി 20 മാസത്തിലേറെക്കാലം ഈ ഒന്നാം സ്ഥാനം യാതൊരു ഇളക്കവും തട്ടാതെ നിന്നു.

സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരുടെ റൊട്ടേഷന്‍ പോളിസിയുടെ പേരിലും ഗാംഗുലി, ദ്രാവിഡ് എന്നിവരുടെ കരിയര്‍ അവസാനിപ്പിച്ചയാള്‍ എന്ന പേരിലും ഇതിനിടെ ധോനി പഴികേള്‍ക്കുകയും ചെയ്തു. എന്നാല്‍ വിജയങ്ങളിലൂടെയാണ് അയാള്‍ അതെല്ലാം മറികടന്നത്. മൂന്നാം നമ്പറെന്ന ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത് അയാള്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം താഴേക്കിറങ്ങി കളിക്കാന്‍ തുടങ്ങി. അപ്രാപ്യമെന്ന് കരുതിയ ലക്ഷ്യങ്ങല്‍ പോലും അയാളിലെ ഫിനിഷര്‍ പ്രാപ്യമാണെന്ന് തെളിയിച്ചു. ധോനിയെന്ന മഹാമേരു ക്രീസിലുള്ളപ്പോള്‍ ആറു പന്തില്‍ 36 റണ്‍സെന്ന ലക്ഷ്യവും സ്വന്തമാക്കാനാകുമെന്ന് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിച്ചു തുടങ്ങി. ആരെയൊക്കെ പുറത്താക്കിയാലും ധോനി ക്രീസിലുണ്ടെങ്കില്‍ മത്സരം അവസാനിച്ചിട്ടില്ലെന്ന് എതിര്‍ ടീം പേടിച്ചു തുടങ്ങി. പലപ്പോഴും ടീം തകര്‍ന്നടിഞ്ഞ ഘട്ടങ്ങളില്‍ അയാള്‍ യഥാര്‍ഥ കപ്പിത്താനായി.

സെവാഗ് - ഗംഭീര്‍ ജോഡിയുടെ കാലം കഴിയുന്നു എന്ന തോന്നലുയര്‍ന്നപ്പോള്‍ രോഹിത് ശര്‍മയെ ഓപ്പണിങ് സ്ഥാനത്ത് കൊണ്ടുവന്ന് ധോനിയെന്ന ക്യാപ്റ്റന്‍ ഞെട്ടിച്ചു. രോഹിത്തിന്റെ കരിയറിന് ആ തീരുമാനമുണ്ടാക്കിയ മാറ്റമെന്തെന്ന് ആരും പറഞ്ഞുതരേണ്ടതില്ലല്ലോ. രോഹിത്തിന് കൂട്ടായി ധവാനെ കൊണ്ടുവന്നതും ധോനി തന്നെ. ജഡേജ, അശ്വിന്‍ തുടങ്ങിയവരുടെ വരവിനും കാരണമായത് അയാള്‍ തന്നെ. കളിയെ ഇത്ര കൃത്യമായി വായിച്ചെടുക്കാന്‍ ധോനിയോളം സാധിക്കുന്ന മറ്റൊരാള്‍ ലോകക്രിക്കറ്റിലുണ്ടോ എന്ന കാര്യവും സംശയമാണ്.

mahendra singh dhoni the man with the golden arm

എന്നാല്‍ ഒരു വര്‍ഷം മുമ്പുള്ള ഒരു ജൂലായ് പത്തിന് മാര്‍ട്ടിന്‍ ഗുപ്റ്റിലെന്ന കിവീസ് ഫീല്‍ഡറുടെ ത്രോ ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ കോടിക്കണക്കിന് വരുന്ന ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ജനതയുടെ ഹൃദയം ഒരുപക്ഷേ നിലച്ചുപോയിരുന്നിരിക്കണം. ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ സാധിക്കാതെ ധോനി തലതാഴ്ത്തി മടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ആ മത്സരത്തിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധോനിയോളം പോന്ന മറ്റേത് താരമുണ്ട് ലോകക്രിക്കറ്റില്‍? പക്ഷേ 49-ാം ഓവറില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പ്രിന്റര്‍ക്ക് പിഴച്ചു. ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച ധോനി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായി. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയുള്ള കാലുകള്‍ ഒരു നിമിഷം നിസ്സഹായരായ നിമിഷം.

അതിനു ശേഷം ധോനിയെ പിന്നീട് ഇന്ത്യന്‍ ടീമിനൊപ്പം കണ്ടിട്ടില്ല. ഈ വര്‍ഷത്തെ ഐ.പി.എല്ലിലൂടെ തങ്ങളുടെ പ്രിയപ്പെട്ട 'തല' തിരിച്ചുവരുമെന്ന് ആരാധകര്‍ കാത്തിരുന്നു പക്ഷേ അവിടെ കോവിഡ് വില്ലനായി അവതരിച്ചു. അവര്‍ വീണ്ടും കാത്തിരുന്നു ആ ബാറ്റില്‍ നിന്നും പറക്കുന്ന സിക്സറുകള്‍ക്കായി, ധോനിയെന്ന താരത്തിന്റെ മൈതാനത്തെ കാല്‍വെയ്പ്പിനായി... പക്ഷേ...

Content Highlights:  mahendra singh dhoni the man with the golden arm