ക്രിക്കറ്റിന് പുറത്തെ ധോണിയുടെ പല രഹസ്യങ്ങളും ഇഷ്ടങ്ങളും നമുക്കറിയാവുന്നതാണ്. ഒന്നാന്തരമൊരു ബൈക്ക് റൈഡറായ ധോണിയെയും ആരോഗ്യ സംരക്ഷണത്തിനായി പാല്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ധോണിയെയും നമുക്കറിയാം. എന്നാല്‍ ഇതൊന്നുമല്ലാത്ത ധോണിയുടെ മറ്റൊരു രഹസ്യം സഹതാരം സുരേഷ് റെയ്‌ന ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ നല്ലൊരു ഓടക്കുഴല്‍ വാദകനാണെന്ന കാര്യമാണ് റെയ്‌ന പരസ്യമാക്കിയത്. ധോണിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് സുരേഷ് റെയ്‌ന ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് മൂവായിരത്തിനടുത്ത് ആളുകളാണ് റീട്വീറ്റ് ചെയ്തത്. വീഡിയോ എവിടെ നിന്നാണ് ഷൂട്ട് ചെയ്തതെന്ന് അറിയില്ലെങ്കിലും മനോഹരമായി തന്നെ ധോണി ഓടക്കുഴല്‍ വായിക്കുന്നുണ്ട്.