പെരിന്തല്‍മണ്ണ: ബക്കറ്റിന് മുകളില്‍ പന്ത് വെച്ച് അതിന് മുകളില്‍ കയറിനിന്ന് പിരടിയിലൊരു ഫുട്‌ബോള്‍ ബാലന്‍സ് ചെയ്ത് 57 സെക്കന്റില്‍ 7 ജേഴ്‌സികള്‍ അഴിച്ചുമാറ്റി ഇന്ത്യ  ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ഈ പ്ലസ്​വൺ വിദ്യാര്‍ഥി.

ഫുട്‌ബോളിന്റെ മുകളില്‍  ബാലന്‍സ് ചെയ്ത് കയറി നിന്നാണ് തൂത പാറലിലെ മുഹമ്മദ് ഷമീന്‍ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. അസാമാന്യ മെയ്‌വഴക്കത്തിലൂടെ കാണികളെ രസിപ്പിക്കുകയാണ് ഷമീന്‍.

മൂന്ന് ബക്കറ്റുകളാണ് ആദ്യം കമിഴ്ത്തിവെച്ചത്. അതിനുമുകളില്‍ രണ്ട് ബക്കറ്റുകള്‍കൂടി വെച്ചു. അവയ്ക്കു മുകളില്‍ രണ്ട് ഫുട്ബോള്‍ വെച്ചു. അതിനുമുകളില്‍ കയറിനിന്ന് കഴുത്തിനു പിന്‍വശത്ത് ഒരു ഫുട്ബോള്‍ വെച്ചു. ഫുട്ബോള്‍ താഴെവീഴാതെ, അണിഞ്ഞ ജഴ്സികള്‍ അഴിച്ചുമാറ്റാന്‍ തുടങ്ങി. 57 സെക്കന്‍ഡിനുള്ളില്‍ ഏഴ് ജഴ്സികള്‍ അഴിച്ചുമാറ്റി.

ഷെമീനിന്റെ ഈ പ്രകടനം കണ്ട ബന്ധുവായ ഷൗക്കത്തലി കുളപ്പടയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അപേക്ഷിക്കാനുള്ള പ്രേരണയേകിയതെന്ന് ഷെമീന്‍ പറഞ്ഞു. തൂത ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഷമീന്‍.

Content Highlights: Magical performance in football balancing Plus One student in India Book of Records