'ഒരു കുട്ടിക്ക് സ്‌പോര്‍ട്‌സില്‍ കരിയര്‍ ആരംഭിക്കാന്‍ ഏതാണ് അനുയോജ്യമായ പ്രായം?'. മുംബൈയിലെ ഒരു ചാറ്റ് ഷോയ്ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ നേരിട്ട ചോദ്യമാണിത്. ഇതിന് വളരെ രസകരമായാണ് രോഹിത് മറുപടി നല്‍കിയത്. ഒരു കരിയര്‍ തുടങ്ങാന്‍, അല്ലെങ്കില്‍ സ്വപ്‌നം കാണാന്‍ പ്രായം തടസ്സമല്ലെന്നാണ് ഇന്ത്യന്‍ ഉപനായകന്റെ പക്ഷം.

ഇതിനായി താരം ഓസ്‌ട്രേലിയയുടെ മുന്‍ക്രിക്കറ്റ് താരം മൈക്ക് ഹസ്സിയെയും ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോയെയുമാണ് ഉദാഹരണമാക്കിയത്.

' മൈക്ക് ഹസ്സിയെ നോക്കൂ, അയാള്‍ 30-ാം വയസ്സിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആറോ ഏഴോ വര്‍ഷം മാത്രമാണ് അദ്ദേഹം ക്രിക്കറ്റ് കളിച്ചത്. എന്നിട്ടും അദ്ദേഹം മിസ്റ്റര്‍ ക്രിക്കറ്റ് എന്ന പേര് സ്വന്തമാക്കി. അത് നമുക്കൊരു പാഠമാണ്. സ്‌പോര്‍ട്‌സില്‍ ഒരു കരിയര്‍ തുടങ്ങാന്‍ പ്രായം പ്രശ്‌നമല്ല' - രോഹിത് പറഞ്ഞു.

ക്രിസ്റ്റ്യാനോയെയും രോഹിത് ഉദാഹരണമാക്കി. പ്രയാസങ്ങള്‍ മറികടന്നാണ് ക്രിസ്റ്റ്യാനോ മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു. ' ക്രിസ്റ്റ്യാനോ വലിയ ഉദാഹരണമാണ്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് അച്ഛനെ നഷ്ടമായി. അമ്മയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. കാര്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. ഇപ്പോള്‍ ക്രിസ്റ്റ്യാനോ എവിടെയാണെന്ന് നോക്കൂ'.

Content Highlights: Look at Michael Hussey, Cristiano Ronaldo’, says Rohit Sharma