ണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ തോല്‍വിയിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും ശോഭനവുമാണെന്ന് തെളിയിക്കുന്നതാണ് ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായ താരം ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ്.

ലോകകപ്പിലെ ആറ് ഇന്നിങ്സില്‍ നിന്ന് 133.33 ശരാശരിയില്‍ 400 റണ്‍സെടുത്ത യശസ്വിയാണ് ടൂര്‍ണമെന്റിലെ താരം. നാല് അര്‍ധ സെഞ്ചുറിയും പാകിസ്താനെതിരായ സെമിയിലെ സെഞ്ചുറിയും യശസ്വിയുടെ പ്രതിഭയ്ക്ക് മാറ്റ് കൂട്ടുന്നു.

വൈകാതെ ഇന്ത്യന്‍ ദേശീയ ടീമിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പുള്ള താരം കൂടിയാണ് യശസ്വി. ടൂര്‍ണമെന്റിലെ മികച്ച ഫോം നിരവധി റെക്കോഡുകളും യശസ്വിക്ക് നേടിക്കൊടുത്തിട്ടുണ്ട്. 

അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ മാത്രം താരമാണ് യശസ്വി. മെഹ്ദി ഹസന്‍ മിറാസ് (2016), ശുഭ്മാന്‍ ഗില്‍ (2016), നയീം യങ് (2018, 2020) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

ഈ ലോകകപ്പിലെ ആറ് ഇന്നിങ്‌സുകളില്‍ അഞ്ചിലും യശസ്വി 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തു. അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു പതിപ്പില്‍ അഞ്ചോ അതിലധികമോ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ മാത്രം താരവും യശസ്വിയാണ്. ഓസീസിന്റെ ബ്രെറ്റ് വില്യംസ് (1988), ഇന്ത്യയുടെ സര്‍ഫറാസ് ഖാന്‍ (2016) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. 

യൂത്ത് കരിയറില്‍ ഏകദിനത്തില്‍ 15 തവണ യശസ്വി ഇന്ത്യയ്ക്കായി 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. യൂത്ത് കരിയറില്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കൂടിതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരവും യശസ്വി തന്നെ.

അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു പതിപ്പില്‍ നാനൂറോ  അതിലധികമോ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന എട്ടാമത്തെ മാത്രം താരമാണ് യശസ്വി. 2004-ല്‍ 505 റണ്‍സടിച്ച ഇന്ത്യയുടെ ശിഖര്‍ ധവാനാണ് അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു പതിപ്പില്‍ അഞ്ഞൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത ഏകതാരം. ഇത്തവണ ഒരാളും 300 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാത്ത സ്ഥാനത്താണ് യശസ്വി 400 റണ്‍സെടുത്തത്.

യൂത്ത് കരിയറില്‍ ഇതുവരെ യശസ്വി 30 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറികള്‍ നേടിയ താരങ്ങളില്‍ രണ്ടാമതെത്താനും യശസ്വിക്കായി. 38 സിക്‌സറുകളുമായി ഇന്ത്യയുടെ തന്നെ ഉന്മുക്ത് ചന്ദാണ് ഒന്നാമത്. 

യൂത്ത് കരിയറില്‍ ഏകദിനങ്ങളില്‍ 1386 റണ്‍സാണ് യശസ്വിയുടെ അക്കൗണ്ടിലുള്ളത്. വിജയ് സോളിനു (1404) ശേഷം ഇന്ത്യന്‍ താരങ്ങളില്‍ റണ്‍വേട്ടയില്‍ രണ്ടാമത്. 

Content Highlights: List of records Yashasvi Jaiswal created with his consistency in the U19 World Cup 2020