ടെലിവിഷൻ ഷോകളിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ് അമിതാഭ് ബച്ചന്റെ കോൻ ബനേഗ ക്രോർപതി. ബച്ചൻ അതാരകനായ ഷോയുടെ പുതിയ അധ്യായത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം ഈ ഷോ ട്വിറ്ററിൽ വലിയ പൊട്ടിച്ചിരിക്കാണ് വഴിവച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ക്രുണാൽ പാണ്ഡ്യയാണ് ഇതിന് കാരണമായത്. മത്സരാർഥിയായ പെൺകുട്ടിയോട് പരിപാടിയിൽ ബച്ചൻ ചോദിച്ച ചോദ്യം ഇതായിരുന്നു: താഴെ കാണുന്ന ഏത് സർനെയിമിലുള്ള സഹോദരന്മാരായ  കളിക്കാരാണ്  ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി കളിക്കുന്നത്? ചാഹർ, പഠാൻ, വാർണർ, പാണ്ഡ്യ എന്നിങ്ങനെയായിരുന്നു ഉത്തരങ്ങളുടെ ഓപ്ഷനുകൾ. നാലാമത്തെ ഓപ്ഷനായ പാണ്ഡ്യയായിരുന്നു ശരിയുത്തരം.  ഹർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയുമാണ് മുംബൈ ഇന്ത്യൻസിനുവേണ്ടി കളിക്കുന്ന സഹോദരന്മാർ.

ചോദ്യം ശ്രദ്ധയിൽപ്പെട്ട ഉടനെ ഉത്തരവുമായി ചാടിവീണത് മറ്റാരുമല്ല, പാണ്ഡ്യ സഹോദരന്മാരിൽ മൂത്തവനായ ക്രുണാൽ തന്നെ. കെ.ബി.സിയിൽ ചോദ്യം തെളിഞ്ഞ സ്ക്രീൻഷോട്ട് സഹിതം ട്വിറ്ററിലാണ് സർ, ശരിയുത്തരമായ ഡി ലോക്ക് ചെയ്യൂ എന്നാണ് അവതാരകനായ അമിതാഭ് ബച്ചനെ ടാഗ് ചെയ്തുകൊണ്ട് ക്രുണാൽ ട്വീറ്റ് ചെയ്തത്.

ക്രുണാലിന്റെ ഈ ഉത്തരം പറച്ചിൽ ട്വിറ്ററിൽ വലിയ ആഘോഷത്തിന് തന്നെയാണ് തിരികൊളുത്തിയത്. പാണ്ഡ്യയെ ലോക്ക് ചെയ്യല്ലെ. അവരെ ഇന്ത്യൻ ടീമിന് ആവശ്യമാണെന്നും ക്രുണാൽ ഒരു സർവവിജ്ഞാനകോശമാണല്ലോ എന്നുമൊക്കൊയിരുന്നു തമാശ നിറഞ്ഞ റിപ്ലൈകൾ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര കളിക്കാൻ ഒരുങ്ങുകയാണ് പാണ്ഡ്യ സഹോദരന്മാരായ ക്രുണാലും ഹർദിക്കും. സെപ്റ്റംബർ 15ന് ധർമശാലയിലാണ് ആദ്യ മത്സരം. മൂന്ന് ടി20യും മൂന്ന് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്.

Content Highlights: Krunal Pandya tweets answer featuring himself to Amitabh Bachchan in KBC IPL Mumbai Indians