മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് കല്ല്യാണത്തിരക്കിന്റെ കാലമാണ്. സഹീര്‍ ഖാനും ഭുവനേശ്വര്‍ കുമാറിനും വിരാട് കോലിക്കും പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരവും ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരനുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹവും കഴിഞ്ഞു. പാംഖുരി ശര്‍മ്മയാണ് വധു.

മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടന്ന വിവാച്ചടങ്ങില്‍ സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു. ദീര്‍ഘനാളായി ക്രുണാലും പാംഖുരിയും പ്രണയത്തിലായിരുന്നു. 

രോഹിത് ശര്‍മ്മയടക്കമുള്ള ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളും ബോളിവുഡ് താരം അമിതാഭ് ബച്ചനും ചടങ്ങിനെത്തിയിരുന്നു. ചൊവ്വാഴ്ച്ച മുംബൈയില്‍ നടന്ന വിരാട് കോലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹസത്കാരത്തിന്റെ അന്നു തന്നെയായിരുന്നു ക്രുണാലിന്റെ മൈലാഞ്ചിയിടല്‍ ചടങ്ങ്.

hardik pandya
Photo: Twitter/Hardik Pandya

നേരത്തെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ക്രുണാല്‍ വിവാഹിതാനാകുന്ന സന്തോഷം എല്ലാവരുമായി പങ്കുവെച്ചത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച ക്രുണാല്‍ കാമുകി പാംഖുരിയോടൊപ്പമുള്ള ജീവിതത്തിന് ഇനിയും കാത്തിരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. 

ഐ.പി.എല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ടീമംഗമായിരുന്നു ക്രുണാല്‍. റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റിനെതിരായ ഫൈനലില്‍ 38 പന്തില്‍ 47 റണ്‍സടിച്ച് ക്രുണാല്‍ കളിയിലെ താരമാകുകയും ചെയ്തു. ഇടങ്കയ്യന്‍ സ്പിന്നര്‍ കൂടിയായ ക്രുണാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയ്ക്ക് വേണ്ടിയും കളിക്കുന്നുണ്ട്.

 Content Highlights: Krunal Pandya Ties The Knot Hardik Pandya Brother