ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് 'ചൂടായി' ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

രണ്ടാം ദിനത്തിലെ മൈതാനത്തെ പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്.

വിരാട്, കളിക്കളത്തിലെ നിങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, പുറത്തായപ്പോള്‍ വില്യംസണെതിരെയും കാണികള്‍ക്കെതിരെയും ആക്രോശിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട മാതൃക കാണിക്കണ്ടെ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് കോലി തിരിച്ചുചോദിച്ചു. നിങ്ങളോട് ചോദ്യം ചോദിച്ചത് താനാണെന്നും നിങ്ങള്‍ മെച്ചപ്പെട്ട മാതൃക കാണിക്കേണ്ട ആളല്ലേയെന്നും മാധ്യമപ്രവര്‍ത്തകനും തിരിച്ചടിച്ചു. ഇതോടെ കൂടുതല്‍ പ്രകോപിതനായ കോലി, യാഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും എന്നിട്ട് മെച്ചപ്പെട്ട ചോദ്യങ്ങളുമായി വരണമെന്നും പറഞ്ഞു. ഒരു സംഭവം നടന്നാല്‍ അതിന്റെ പകുതി മാത്രം അറിഞ്ഞ് അപൂര്‍ണമായ ചോദ്യങ്ങളുമായി ഇവിടെ വരാന്‍ പാടില്ല. ഇനി വിവാദമുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇതല്ല അതിനു പറ്റിയ സ്ഥലമെന്നും കോലി പറഞ്ഞു.

സംഭവത്തെ കുറിച്ച് മാച്ച് റഫറിയുമായി സംസാരിച്ചിരുന്നുവെന്നും എന്താണോ സംഭവിച്ചത് അതില്‍ അദ്ദേഹത്തിനു പ്രശ്നമൊന്നുമില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മൈതാനത്തെ പെരുമാറ്റത്തിന്റെ പേരില്‍ കോലിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും ടോം ലാഥവും പുറത്തായപ്പോള്‍ ആക്രോശത്തോടെ ആഘോഷിച്ച കോലി, കാണികളെ നോക്കി സഭ്യമല്ലാത്ത വാക്കുകള്‍ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

അതേസമയം കിവീസ് മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റേത്. കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ക്കു മുന്നിലൊന്നും കോലിക്ക് മറുപടിയുണ്ടായില്ല.

ഇതോടെ കരിയറില്‍ ഒരു ടെസ്റ്റ് പരമ്പരയിലെ കോലിയുടെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനം കിവീസ് മണ്ണിലായി. ഈ ടെസ്റ്റ് പരമ്പരയിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് വെറും 38 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. ബാറ്റിങ് ശരാശരി വെറും 9.50.

ഇതിനു മുമ്പ് 2016-17 ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് കോലി ഇതിനേക്കാള്‍ മോശം പ്രകടനം നടത്തിയത്. ഓസീസിനെതിരായ ആ പരമ്പരയില്‍ വെറും 9.20 ആയിരുന്നു കോലിയുടെ ബാറ്റിങ് ശരാശരി.

കിവീസിനെതിരായ പരമ്പരയില്‍ പേസര്‍ മുഹമ്മദ് ഷമി കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് (39) സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് അറിയുമ്പോഴാണ് കോലിയുടെ മോശം ഫോമിന്റെ ആഴം വ്യക്തമാകുന്നത്.

Content Highlights: Kohli fumes at reporter who accuses him of swearing