ഡര്‍ഹാം: കൗണ്ടി സെലക്ട് ഇലവന് എതിരായ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനമാണ് കെഎല്‍ രാഹുല്‍ പുറത്തെടുത്തത്. സെഞ്ചുറി നേടിയ രാഹുല്‍ ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചൊതുക്കി. ഈ സെഞ്ചുറിക്കൊപ്പം രാഹുല്‍ ആരാധകരുടെ ഹൃദയവും കീഴടക്കി. 

ക്രീസില്‍ ബാറ്റു ചെയ്യാനായി നില്‍ക്കെ രാഹുലിന്റെ കൈയില്‍ നിന്ന് തൊപ്പി താഴെ വീണു. ക്യാപ് തിരിച്ചെടുത്തശേഷം അതില്‍ രാഹുല്‍ ചുംബിച്ചു. രാഹുലിന്റെ ഈ ചുംബനം ആരാധകര്‍ ഏറ്റെടുത്തു. രാജ്യസ്‌നേഹം എന്നെല്ലാമാണ് ഈ പെരുമാറ്റത്തെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തുന്നത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഋഷഭ് പന്തിനും ക്വാറന്റെയ്‌നിലായതിനെ തുടര്‍ന്ന് വൃദ്ധിമാന്‍ സാഹയ്ക്കും സന്നാഹ മത്സരം നഷ്ടമായതോടെയാണ് കെഎല്‍ രാഹുലിന് ടീമിലേക്കുള്ള വഴി തുറന്നത്. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരം നല്‍കുന്നതിനായി രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 311 റണ്‍സ് കണ്ടെത്തി.

Content Highlights: KL Rahul’s Respectful Gesture Towards The Indian Test Cap During The Warm up