രാജ്‌കോട്ട്: ഒന്നാം ഏകദിനത്തില്‍ പത്തു വിക്കറ്റിന് ഓസീസിനോട് തോറ്റതിന്റെ കേടുതീര്‍ക്കുന്ന വിജയമായിരുന്നു രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. 36 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയും (1-1) ചെയ്തു.

ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണര്‍മാരെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെ മിന്നല്‍ സ്റ്റമ്പിങ്ങിലാണ് ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് പുറത്തായത്. ജഡേജയുടെ പന്തിലായിരുന്നു രാഹുലിന്റെ സ്റ്റമ്പിങ്. സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുന്നതിനിടെയായിരുന്നു ഫിഞ്ചിന്റെ പുറത്താകല്‍. എന്നാല്‍ ഈ വിക്കറ്റിനെ ചൊല്ലി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 16-ാം ഓവറിലാണ് 33 റണ്‍സുമായി ഫിഞ്ച് പുറത്തായത്. ജഡേജയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് ടോസ് അപ്പ് ചെയ്ത പന്തിന്റെ ഗതിയറിയാതെ ബാറ്റുവെച്ച ഫിഞ്ചിനെ മറികടന്ന് പന്ത് രാഹുലിന്റെ കൈകളിലെത്തി. പെട്ടെന്നു തന്നെ രാഹുല്‍ സ്റ്റമ്പ് ഇളക്കുകയും ചെയ്തു.

KL Rahul's quick stumping to dismiss Aaron Finch triggers debate

സമയമേറെയെടുത്താണ് തേഡ് അമ്പയര്‍ ഫിഞ്ച് ഔട്ടാണെന്ന് സിഗ്നല്‍ നല്‍കിയത്. റിപ്ലേയില്‍ ഫിഞ്ചിന്റെ കാലിന്റെ ഭാഗങ്ങളൊന്നും ക്രീസിനു പിന്നിലുണ്ടായിരുന്നില്ല. എങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തേഡ് അമ്പയറെ സംബന്ധിച്ച് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു.

ഫിഞ്ചിനെ പുറത്താക്കിയ തീരുമാനം വന്നതിനു പിന്നാലെ സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാനാണ് നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ സജീവമായി.

Content Highlights: KL Rahul's quick stumping to dismiss Aaron Finch triggers debate