മൗണ്ട് മൗംഗനൂയി: കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ രാഹുല്‍ ഏതാനും റെക്കോഡുകളും സ്വന്തം പേരിലാക്കി.

113 പന്തില്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 112 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഏകദിനത്തിലെ തന്റെ നാലാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. 

ഇതോടെ ഏകദിനത്തില്‍ ന്യൂസീലന്‍ഡ് മണ്ണില്‍ ന്യൂസീലന്‍ഡിനെതിരേ ബാറ്റിങ് നിരയില്‍ അഞ്ചോ അതില്‍ താഴെയോ ഇറങ്ങി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം രാഹുല്‍ സ്വന്തമാക്കി. 

2017-ല്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ എം.എസ് ധോനിക്കു ശേഷം അഞ്ചാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് രാഹുല്‍ കുറിച്ചത്. 

കുറവ് ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് നാല്  സെഞ്ചുറികള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രാഹുല്‍. നാല് സെഞ്ചുറികള്‍ക്കായി രാഹുലിന് 31 ഇന്നിങ്‌സുകളേ വേണ്ടിവന്നുള്ളൂ. 36 ഇന്നിങ്‌സുകളില്‍ നിന്ന് നാല് ഏകദിന സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് രാഹുല്‍ മറികടന്നത്. വെറും 24 ഇന്നിങ്‌സുകളില്‍ നിന്ന് നാല് ഏകദിന സെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാനാണ് ഈ പട്ടികയില്‍ മുന്നില്‍.

21 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യക്ക് പുറത്ത് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോഡും രാഹുല്‍ സ്വന്തം പേരിലാക്കി. ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. 1999 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 145 റണ്‍സാണ് ദ്രാവിഡ് നേടിയത്. അന്ന് ഗാംഗുലിക്കൊപ്പം നിന്ന് 318 റണ്‍സിന്റെ കൂട്ടുകെട്ടിലും ദ്രാവിഡ് പങ്കാളിയായി.

ന്യൂസീലന്‍ഡ് മണ്ണില്‍ ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രാഹുലാണ്. എം.എസ് ധോനിക്ക് ശേഷം അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സെഞ്ചുറി കണ്ടെത്തുന്ന താരമെന്ന റെക്കോഡും രാഹുല്‍ സ്വന്തമാക്കി.

Content Highlights: KL Rahul's name etched in history books after century