മൗണ്ട് മൗംഗനൂയി (ന്യൂസിലന്‍ഡ്): ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച പരമ്പരയാണ് കടന്നുപോകുന്നത്.

മികച്ച ബാറ്റിങ് പ്രകടനങ്ങളോടെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ സ്വന്തം പേരിലാക്കിയ റെക്കോഡുകളും നിരവധി.

അഞ്ചു മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറികളടക്കം 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. 56 റണ്‍സ് ശരാശരിയിലാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. 45, 39, 27, 57*, 56 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഇതോടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടം രാഹുല്‍ സ്വന്തമാക്കി. മൊസാംബിക് താരം ഡാമിയോ കൗവാന (2019-20 മലാവിക്കെതിരേ), ന്യൂസീലന്‍ഡിന്റെ തന്നെ കോളിന്‍ മണ്‍റോ (2017-18 വെസ്റ്റിന്‍ഡീസിനെതിരേ) എന്നിവരുടെ പേരിലുണ്ടായിരുന്നു 223 റണ്‍സിന്റെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. 

ട്വന്റി 20-യില്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. 

ഓപ്പണര്‍, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍, കീപ്പര്‍, ക്യാപ്റ്റന്‍; രാഹുല്‍ എന്തിനും തയ്യാര്‍

രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി 20 പരമ്പരയില്‍ 200 റണ്‍സിലേറെ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരവും രാഹുല്‍ തന്നെ. 2016-ല്‍ ഓസീസിനെതിരായ മൂന്നു മത്സര പരമ്പരയില്‍ 199 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. 

പറന്ന് രക്ഷിച്ചെടുത്തത് നാലു റണ്‍സ്; ഫീല്‍ഡിങ്ങില്‍ താരമായി സഞ്ജു

ഒരു ട്വന്റി 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പുരുഷ ടീം വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. യഥാക്രമം 2010, 2016 ട്വന്റി 20 ലോകകപ്പുകളില്‍ 222 റണ്‍സ് വീതമെടുത്ത ക്രെയ്ഗ് കീസ്‌വെറ്റര്‍, മുഹമ്മദ് ഷെഹ്‌സാദ് എന്നിവരുടെ നേട്ടമാണ് രാഹുല്‍ മറികടന്നത്. 2018-ലെ വനിതാ ട്വന്റി 20 ലോകകപ്പില്‍ 225 റണ്‍സെടുത്ത ആലിസ ഹീലിയാണ് ഈ പട്ടികയില്‍ മുന്നില്‍.

 

Content Highlights: KL Rahul records created during T20 series