ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌റ്റൈലിഷ് താരമാണ് കെ.എല്‍ രാഹുല്‍. ഇടക്കിടെ ഹെയര്‍ സ്റ്റൈലില്‍ പരീക്ഷണം നടത്താറുള്ള രാഹുല്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല.

ഇത്തവണ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണ് രാഹുല്‍ ശരീരത്തില്‍ വരച്ചുചേര്‍ത്തത്. മറ്റാരുമല്ല, തന്റെ വളര്‍ത്തുനായ സിംബയുടെ പടമാണ് അത്. ഇതിന്റെ ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ പിറകില്‍ ആരാണെന്ന് നോക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. സിംബയോടൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ കളി മികവിനേക്കാള്‍ സ്റ്റൈലിഷായവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സുനില്‍ ഗവാസ്‌ക്കര്‍ വിമര്‍ശിച്ചിരുന്നു. ശരീരത്തില്‍ ടാറ്റൂ ചെയ്തവര്‍ക്കും ഹെയര്‍ സ്റ്റൈല്‍ കൂടുതല്‍ സുന്ദരമാക്കുന്നവര്‍ക്കുമാണ് ഇന്ത്യന്‍ ടീമിലെത്താനാവൂ എന്നായിരുന്നു ഗവാസ്‌ക്കറിന്റെ പരിഹാസം. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവരെയെല്ലാം ലക്ഷ്യംവെച്ചുള്ളതായിരുന്നു ഗവാസ്‌ക്കറിന്റെ ആ പരിഹാസം.