ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ബയോപിക് വരുന്നു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഗാംഗുലിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥകേട്ടതിന് ശേഷം ഗാംഗുലി സമ്മതം മൂളിയെന്നും ഇരുവരും ഗാംഗുലിയുടെ ജീവിതം അഭിനയിക്കാന്‍ പറ്റിയെ നടനെ തിരയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജീവിതം സിനിമയാവുകയാണെങ്കില്‍ ആരായിരിക്കണം നടന്‍ എന്ന ചോദ്യം സമീപകാലത്ത് ഒരു ടോക്ക്‌ഷോയ്ക്കിടെ ഗാംഗുലി നേരിട്ടിരുന്നു. ഋത്വിക് റോഷനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടി.
 
സമീപകാലത്ത് സ്‌പോര്‍ട്‌സ് അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മേരി കോം, ഭാഗ് മില്‍ഖാ ഭാഗ്, എം.എസ്. ധോനി, പാന്‍ സിങ് തോമര്‍, അസ്ഹര്‍ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചിരുന്നു. 1983-ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയുള്ള 83 എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്.

Content Highlights: Karan Johar to make biopic on Sourav Ganguly